നാസര്‍ പറഞ്ഞത് സംഭവിച്ചു... പാലക്കാട് ടിക്കറ്റിനേ ഒന്നാം സമ്മാനം ലഭിക്കൂ എന്ന വിശ്വാസം പൊളിച്ചടുക്കി കണ്ണൂര്ക്കാരന് ഓട്ടോ ഡ്രൈവര്‍; ഇരുട്ടിവെളുത്തപ്പോള്‍ കോടീശ്വരനായതിന്റെ ഞെട്ടലില്‍ ഓട്ടോ ഡ്രൈവര്‍ നാസര്‍; രാത്രി ശേഷിച്ച ഒറ്റ ടിക്കറ്റില്‍ നാസര്‍ കോടിപതിയായി, സമ്മര്‍ ബമ്പര്‍ ഓട്ടോഡ്രൈവര്‍ക്ക്
പാലക്കാട് ടിക്കറ്റിനേ ഒന്നാം സമ്മാനം ലഭിക്കൂ എന്ന വിശ്വാസം പൊളിച്ചടുക്കി കണ്ണൂര്ക്കാരന് ഓട്ടോ ഡ്രൈവര്‍ നാസര്‍. തുടര്‍ച്ചയായി പാലക്കാട് ടിക്കറ്റിന് ബംബര്‍ സമ്മാനങ്ങള്‍ അടിച്ചതോടെയാണ് പാലക്കാട് ടിക്കറ്റിന് ഓഫറായത്. എന്നാല്‍ അതൊന്നും വിശ്വസിക്കാതെ ടിക്കറ്റെടുത്ത നാസറിനെ തേടിയെത്തിയത് 10 കോടി രൂപ.
കഴിഞ്ഞ ദിവസം രാത്രി ടിക്കറ്റ് എടുത്തു. ഇന്നലെ ഉച്ചയ്ക്ക് പത്തുകോടി അടിച്ചു. ഈ വര്‍ഷത്തെ സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ച കണ്ണൂര്‍ ആലക്കോട് പരപ്പ സ്വദേശി നാസറിന് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. സമ്മാനം അടിക്കുമെന്ന് ഒരിക്കല്‍പ്പോലും വിചാരിച്ചില്ലെന്നാണ് കാര്‍ത്തികപുരത്തെ ഓട്ടോ ഡ്രൈവറായ നാസര്‍ പറയുന്നത്. SC 308797 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. ആലക്കോട് ശ്രീ രാജരാജേശ്വര ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്.
സമ്മര്‍ ബമ്പര്‍ നറുക്കെടുപ്പില്‍ 10 കോടിയുടെ ഭാഗ്യം കനിഞ്ഞത് കണ്ണൂര്‍ ആലക്കോട് നെടുവോട്ടെ പാറപ്പുറത്ത് കൊടിയന്‍ നാസറിനാണെന്ന് വളരെ പെട്ടന്ന് തിരിച്ചറിഞ്ഞു. ഓട്ടോഡ്രൈവറായ ഈ 46കാരനെ ചൊവ്വാഴ്ച രാത്രി എടുത്ത ടിക്കറ്റാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കോടീശ്വരനാക്കിയത്.
ആറുമണിയോടെ കാര്‍ത്തികപുരത്തെ ലോട്ടറി സ്റ്റാളിലേക്ക് കയറിച്ചെന്ന നാസര്‍ ബമ്പര്‍ ടിക്കറ്റ് എടുക്കണമെന്ന് പറഞ്ഞു. ഇപ്പോള്‍ കാശ് കൈയിലില്ലെന്നും വൈകിട്ട് വരുമ്പോള്‍ കണ്ടുവച്ച ടിക്കറ്റ് ബാക്കിയുണ്ടെങ്കില്‍ എടുക്കാമെന്നും അതിന് ഒന്നാംസമ്മാനം കിട്ടുമെന്നും പറഞ്ഞിരുന്നു. വൈകിട്ട് ഏഴരയായപ്പോള്‍ എത്തിയ നാസര്‍ ബാക്കിയായിരുന്ന എസ്.സി. 308797 നമ്പറിലുള്ള ഏക ടിക്കറ്റ് 250 രൂപ നല്കി വാങ്ങി. ഈ ടിക്കറ്റിന് ഒന്നാംസമ്മാനം ഉറപ്പാണെന്ന് നാസര്‍ പറഞ്ഞതായും രാജു വെളിപ്പെടുത്തി.
ബമ്പര്‍ അടിച്ച വിവരം നാസര്‍ തന്നെയാണ് രാജുവിനെ അറിയിച്ചതും.വിദ്യാര്‍ത്ഥികളായ നിസാര്‍,നസില എന്നിവരാണ് മക്കള്‍. ഷീറ്റ് മേഞ്ഞ വീട്ടിലാണ് നാസറിന്റെ മാതാവ് ഉള്‍പ്പെടെയുള്ള ഈ കുടുംബം താമസിക്കുന്നത്. 10കോടി രൂപ ബമ്പര്‍ ലോട്ടറി സമ്മാനമടിച്ചാല്‍ 298,12,500രൂപ നികുതിയും 110,30,625രൂപ സര്‍ചാര്‍ജ്ജും 1633725രൂപ ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷന്‍ സെസും അടച്ച് ബാക്കി 575,23,150രൂപയാണ് കൈയില്‍ കിട്ടുക.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു നറുക്കെടുപ്പ്. 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം എസ്.എ. 177547 എന്ന ടിക്കറ്റിനാണ്. ഒന്നാം സമ്മാനമായി 12 കോടി രൂപ നല്കുന്ന വിഷു ബമ്പര്‍ ടിക്കറ്റ് ഇന്നുമുതല്‍ വില്പന തുടങ്ങും.
എല്ലാം ദൈവത്തിന്റെ കളിയാണ് - എന്നാണ് സമ്മര്‍ ബമ്പര്‍ അടിച്ചതിനെക്കുറിച്ചുള്ള നാസറിന്റെ പ്രതികരണം. ഒരു ടിക്കറ്റ് മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ. നല്ലൊരു വീടും സ്ഥലവും വാങ്ങണം. മക്കളെ രണ്ടു പേരെയും നന്നായി പഠിപ്പിക്കണം, കുറച്ചു പേരെയെങ്കിലും കഴിവനുസരിച്ച് സഹായിക്കണം - നാസര്‍ പറയുന്നു.
ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലായിരുന്നു നറുക്കെടുപ്പ്. SA 177547 എന്ന ടിക്കറ്റിനാണ് 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ലഭിച്ചത്. റെക്കാഡ് ടിക്കറ്റുകളാണ് ഇക്കുറി വിറ്റുപോയത്. 36 ലക്ഷം ടിക്കറ്റുകളാണ് അടിച്ചത്. ഇതില്‍ 33.5 ലക്ഷവും വിറ്റുപോയി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ അധികമായിരുന്നു ഇത്തവണത്തെ വില്‍പ്പന. 250രൂപയായിരുന്നു ഒരു ടിക്കറ്റിന്റെ വില.വിഷു ബമ്പര്‍ ടിക്കറ്റുകള്‍ നാളെ പുറത്തിറങ്ങും. ഇതില്‍ ഒന്നാം സമ്മാനം പന്ത്രണ്ട് കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം ആറുപേര്‍ക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം ആറുപേര്‍ക്കും നല്‍കും. 300 രൂപയാണ് ടിക്കറ്റ് വില. മേയ് 29നാണ് നടുക്കെടുപ്പ്.
https://www.facebook.com/Malayalivartha