കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി
കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി. കെഎസ്ആര്‍ടിസി പത്തനാപുരം യൂണിറ്റില്‍ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന 10 സ്ഥിര വിഭാഗം ഡ്രൈവര്‍മാരെ സ്ഥലം മാറ്റുകയും നാല് ബദലി വിഭാഗം ഡ്രൈവര്‍മാരെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തു.
യാതൊരു മുന്നറിയിപ്പുമില്ലാതെ ജീവനക്കാര്‍ കൂട്ടമായി അവധിയെടുത്തത് കാരണം പത്തനാപുരം യൂണിറ്റിലെ നിരവധി സര്‍വീസുകള്‍ റദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടാവുകയും കെഎസ്ആര്‍ടിസി സര്‍വീസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്തു. ഇതിലൂടെ 1,88,665 രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. ഇതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
കെഎസ്ആര്‍ടിസി സര്‍വീസുകളെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരാണ് ഉള്ളത്. ഇത്തരത്തില്‍ അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നത് കെഎസ്ആര്‍ടിസിയിലെ സ്ഥിരം യാത്രക്കാരെ മറ്റു യാത്രാ മാര്‍ഗ്ഗങ്ങള്‍ തേടുന്ന സാഹചര്യത്തിലേക്ക് എത്തിക്കും. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടര്‍ന്നും ഉണ്ടാകും.
https://www.facebook.com/Malayalivartha