കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...
കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ കുഞ്ഞിന് ജന്മം നൽകിയ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത് എത്തി. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാർ അറിഞ്ഞിരുന്നില്ല.പൊലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിൽ ഉളളവർ അറിഞ്ഞിരുന്നില്ല. രാവിലെ ശുചിമുറിയിൽ പോയ യുവതി ഒരുപാട് സമയമായിട്ടും തിരിച്ച് മുറിയിലെത്തിയിരുന്നില്ല.
ശുചിമുറിയിൽ നിന്നും ശബ്ദം കേട്ടതിനെ തുടർന്ന് മറ്റ് സ്ത്രീകൾ വാതിൽ ബലമായി തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ച കുഞ്ഞിനെയും യുവതിയേയും കണ്ടത്. ഉടൻ തന്നെ ഹോസ്റ്റൽ ജീവനക്കാർ എറണാകുളം നോർത്ത് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചത്. യുവതിയുടെ കാമുകൻ കൊല്ലം സ്വദേശിയാണെന്ന് യുവതി തന്നെ പോലീസിനോട് പറയുകയായിരുന്നു.
കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് യുവതി പോലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകന്റെ വീട്ടുകാരെയും പോലീസ് വിളിപ്പിച്ചിരുന്നു. വിവാഹത്തെ വീട്ടുകാരും എതിർത്തില്ല. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടൻ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ഓൾഡ് മാർക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു 23 വയസ്സുകാരി പ്രസവിച്ചത്.
ആറു പേരുള്ള മുറിയിലാണു പെൺകുട്ടി കഴിഞ്ഞിരുന്നതെങ്കിലും യുവതി ഗർഭിണിയാണെന്ന വിവരം ഒപ്പമുള്ളവർ അറിഞ്ഞിരുന്നില്ല. മുൻപു പലപ്പോഴും ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവർ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു പറഞ്ഞു യുവതി ഒഴിഞ്ഞു മാറിയിരുന്നു. അമ്മയുടെയും, കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്ന് റിപ്പോർട്ടുകൾ.
അതിനിടെ, ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് മാതാവ് താഴേക്കെറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം പുല്ലേപ്പടിയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. കൊച്ചി മേയർ എം.അനിൽകുമാര്‍ കുഞ്ഞിന് അന്ത്യാഞ്ജലി അർപ്പിച്ചു. വീട്ടുകാർ മൃതദേഹം ഏറ്റെടുക്കാത്തതിനാൽ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു സംസ്കാരം. പ്രസവശേഷമുള്ള അണുബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ മാതാവ് ഇപ്പോഴും അവിടെ തുടരുകയാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നതിന് അനുസരിച്ചു മാത്രമേ കുടുതൽ ചോദ്യം ചെയ്യൽ ഉണ്ടാകൂ.
വെള്ളിയാഴ്ച രാവിലെ 8.20നാണ് കൊച്ചി പനമ്പിള്ളി നഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുകളിൽ നിന്ന് റോഡിലേക്ക് എന്തോ വീഴുന്ന ദൃശ്യം സിസി ടിവിയിൽ പതിഞ്ഞതോടെ സമീപത്തുള്ള ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവതിയിലേക്ക് അന്വേഷണമെത്തി. ഇവർ ഗർഭിണിയായിരുന്ന കാര്യം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല എന്ന് പൊലീസ് വ്യക്തമാക്കി.
ഫ്ലാറ്റിലെ കുളിമുറിയിൽ പ്രസവിച്ച യുവതി പരിഭ്രാന്തിയെ തുടർന്ന് കുഞ്ഞിനെ ഒരു കുറിയർ കവറിലാക്കി താഴേക്ക് എറിയുകയായിരുന്നു. യുവതി ലൈംഗിക പീഡനത്തെ തുടർന്നാണോ ഗർഭിണി ആയതെന്ന് സംശയമുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുകയാണെന്നും പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയില്‍ പ്രാഥമിക മൊഴിയെടുക്കാന്‍ മാത്രമേ പൊലീസിന് സാധിച്ചിട്ടുള്ളൂ. ആദ്യം ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും അണുബാധയുണ്ടായതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
യുവതിയുടെ സുഹൃത്തായ യുവാവിൽ നിന്ന് പൊലീസ് മൊഴിയെടുത്തെങ്കിലും ഇയാൾക്കെതിരെ കുറ്റമാരോപിക്കാൻ വകുപ്പില്ല എന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷം യുവതിയെ കസ്റ്റഡിയില്‍ വാങ്ങി നടത്തുന്ന വിശദമായ ചോദ്യം ചെയ്യല്‍ അനുസരിച്ചായിരിക്കും കേസിന്റെ മുന്നോട്ടുപോക്ക്. കുഞ്ഞിന്റെ ഡിഎൻഎ സാമ്പിളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha