മലയാളത്തിന്റെ പ്രിയ സംവിധായകന് വിട... സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു
യോദ്ധ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ മുബൈയിലെ സ്വകാര്യ ആശുപത്രിയിലെ ചികത്സയിലിരിക്കെയാണ് അന്ത്യം. 65 വയസായിരുന്നു.
1959ൽ ഛായാഗ്രാഹകനും ഹരിപ്പാട് സ്വദേശിയും സംവിധായകനുമായിരുന്ന പടീറ്റത്തിൽ ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടിൽ ജനിച്ചു. ശ്രീകാര്യം ലയോള സ്കൂളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കി.
ചെറുപ്രായത്തിൽ കായിക രംഗത്ത് തല്പരനായിരുന്ന അദ്ദേഹത്തിന്റെ പ്രധാന വിഭാഗങ്ങൾ ഹോക്കിയും ക്രിക്കറ്റുമായിരുന്നു. കേരളത്തെയും കേരള സർവകലാശാലയേയും പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. യോദ്ധാ, ഗാന്ധർവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. സംവിധായകൻ സന്തോഷ് ശിവൻ ഇദ്ദേഹത്തിന്റെ സഹോദരനാണ്.
ചലച്ചിത്ര ലോകത്തേക്ക് ആകൃഷ്ടനായ അദ്ദേഹം, എല്ലാ വിഭാഗത്തിലും പെട്ട ചിത്രങ്ങളും ആ കാലത്ത് കണ്ടിരുന്നു. ചലച്ചിത്ര ലോകത്തെ അദ്ദേഹത്തിന്റെ ഗുരുക്കന്മാർ അച്ഛനും സഹോദരനുമാണ്. തന്റെ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം 1976ൽ, അച്ഛനോടൊത്ത് പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്യുവാൻ ആരംഭിച്ചു. തുടർന്ന് തന്റെ സഹോദരൻ സന്തോഷ് ശിവനുമായി ചേർന്ന് ഒരു പരസ്യ കമ്പനിക്ക് രൂപം നൽകിത്.
അച്ഛൻ ശിവൻ സംവിധാനം ചെയ്തിരുന്ന ഡോക്യുമെന്ററികളിൽ അച്ഛനെ സംവിധാനത്തിൽ സഹായിച്ചിരുന്നത് സംഗീതുമായിരുന്നു. അതിൽ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സന്തോഷും. അതിനു ശേഷം, പൂനെയിൽ ഫിലിം അപ്രീസിയേഷൻ കോഴ്സ് ചെയ്തു. ആ പഠനകാലം അദ്ദേഹത്തെ ലോക സിനിമയിലെ ക്ലാസിക്കുകളുമായി പരിചയപ്പെടുത്തി.
ചലച്ചിത്ര ലോകത്ത് തന്റെ വഴിയെന്തെന്നും, താൻ ഏതു തരം ചിത്രങ്ങളാണ് ചെയ്യേണ്ടതുമെന്ന ദിശാബോധം അദ്ദേഹത്തിനു ലഭിച്ചത് ആ കാലഘട്ടത്തിലാണ്. മലയാള ചലച്ചിത്ര സംവിധായകരായ ഭരതനും പത്മരാജനും അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിരുന്നു. സ്വന്തമായൊരു ശൈലി സ്വീകരിക്കുവാനും
ആദ്യ ചിത്രത്തിൽ വലിയ താര നിരയെ ഒഴിവാക്കി തന്റെ സാന്നിധ്യം അറിയിക്കുവാനും അദ്ദേഹത്തെ ഉപദേശിച്ചതും സന്തോഷ് ശിവൻ തന്നെ. അങ്ങനെയാണ് 1990 ൽ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി “വ്യൂഹം” എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്യുന്നത്. ചിത്രം വിജയിക്കുകയും അവതരണത്തിലെ പുതുമ പ്രേക്ഷകർ ഇഷ്ടപ്പെടുകയും ചെയ്തു.
പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ എന്ന സംവിധാനം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി അത് മാറി. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഹിന്ദി സംഗീത സംവിധായകനായ ആഗോഷിനു തന്റെ കരിയറിലെ വലിയ ബ്രേക്ക് നൽകിയത് അദ്ദേഹമായിരുന്നു.
“ഡാഡി”, “ഗാന്ധർവ്വം”, “നിർണ്ണയം” തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തിൽ ഒരുക്കിയത്. “ഇഡിയറ്റ്സ്” എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ബന്ധുക്കളായ സഞ്ജീവ് ശങ്കറും മനോജ് സിഡിയും മലയാളത്തിൽ ഛായാഗ്രാഹകന്മാരാണ്. മറ്റൊരു ബന്ധു സുബിൽ സുരേന്ദ്രൻ സംവിധാന രംഗത്തുമുണ്ട്.
ഭാര്യ: ജയശ്രീ, മക്കൾ: സജന (പ്രൊഫഷണൽ സ്റ്റിൽ ഫോട്ടോഗ്രാഫർ), ശന്തനു (മാസ് മീഡിയ വിദ്യാർത്ഥി)
https://www.facebook.com/Malayalivartha