മെമ്മറി കാര്‍ഡ് എവിടെ? മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്; മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം ആഴ്ചകള്‍ കഴിഞ്ഞിട്ടും ചൂട് പിടിക്കുകയാണ്. അതേസമയം നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്. മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ ഡ്രൈവര്‍ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. യദുവിനെയും കണ്ടക്ടര്‍ സുബിനെയും തമ്പാനൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജിയെയും ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
തര്‍ക്കത്തിന് ശേഷം ബസില്‍ കയറി മെമ്മറി കാര്‍ഡ് പരിശോധിച്ചുവെന്ന യദു പറഞ്ഞ സമയങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. മെമ്മറി കാര്‍ഡ് കാണാതായതില്‍ ഇന്നലെ രാവിലെ മുതല്‍ പൊലീസിന്റെ നാടകീയ നീക്കങ്ങളാണ് നടന്നത്. കണ്ടക്ടര്‍ സുബിനെ രാവിലെ വെമ്പായം കൊപ്പത്തെ വീട്ടിലെത്തി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നു.
സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജിയെ വിഴിഞ്ഞത്തെ വീട്ടില്‍ നിന്നും പുലര്‍ച്ചെ പൊലീസെത്തി ചോദ്യം ചെയ്യാന്‍ കൊണ്ടുപോയി. ഇരുവരുടെയും ചോദ്യം ചെയ്യല്‍ തുടരുന്നിനിടെയാണ് ഡ്രൈവര്‍ യദുവിനെയും പൊലീസ് വാഹനത്തില്‍ വീട്ടില്‍ നിന്ന് കമ്മീഷണര്‍ ഓഫീസിലേക്ക് കൊണ്ടുവന്നത്.
വിവാദ സംഭവത്തിന് ശേഷം സുബിന്‍ ബസില്‍ ഡ്രൈവര്‍ സീറ്റിനടത്തേക്ക് പോകുന്നത് സാഫല്യം കോംപ്‌ളകിലെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടിരുന്നു. എന്നാല്‍ തനിക്ക് മെമ്മറി കാര്‍ഡിനെ കുറിച്ച് അറില്ലെന്നാണ് സുബിന്റെ മൊഴി. തര്‍ക്കമുണ്ടായതിന് പിന്നാലെ ബസ് തമ്പാനൂര്‍ ടെര്‍മിനലില്‍ കൊണ്ടുവന്നപ്പോള്‍ ചുമതലയിലുണ്ടായിരുന്ന ആളാണ് ലാല്‍സജി. ബസിനടുത്തേക്ക് പോയിട്ടില്ലെന്നാണ് ഇയാളുടെ മൊഴി. സംഭവ ദിവസം സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചശേഷം ബസില്‍ കയറിയതിനെ കുറിച്ച് യദു പറഞ്ഞ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. വൈകീട്ടോടെ മൂന്ന് പേരെയും വിട്ടയച്ചു. മൊഴികള്‍ വിശദമായി പരിശോധിച്ച് യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
തമ്പാനൂര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മുതല്‍ കേസില്‍ നിര്‍ണായക ചോദ്യം ചെയ്യവലുകള്‍ നടന്നുവരികയായിരുന്നു. വൈകീട്ടോടെയാണ് യദുവിനെ വീട്ടില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷന്‍ മാസ്റ്ററേയും കണ്ടക്ടറേയും മൊഴിയെടുത്ത് വിട്ടയച്ചതിന് പിന്നാലെയാണിത്.
തര്‍ക്കം നടന്നതിന്റെ പിറ്റേദിവസം എ.ടി.ഒയ്ക്ക് മൊഴി നല്‍കാന്‍ യദു കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. ഈ സമയത്ത് ബസ് അവിടെയുണ്ടായിരുന്നു. ഇവിടെ സി.സി.ടി.വി. ക്യാമറകളില്ല. എന്നാല്‍, ബസ് പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് യദു പോയതുസംബന്ധിച്ച് ചില തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ബസില്‍ കയറി യദു മെമ്മറി കാര്‍ഡ് മോഷ്ടിച്ചിട്ടുണ്ടോയെന്ന സംശയം പോലീസിനുണ്ട്. ഇത് ദൂരീകരിക്കാനാണ് നീക്കം.
കെ.എസ്.ആര്‍.ടി.സിയുടെ പരാതിയില്‍ തമ്പാനൂര്‍ പോലീസാണ് കേസെടുത്തത്. പോലീസിന്റെ ബസ് പരിശോധനയില്‍ ക്യാമറയുടെ ഡി.വി.ആര്‍. ലഭിച്ചു. എന്നാല്‍, ഡി.വി.ആറില്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല.
ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ടായിരുന്നു. മേയറും ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ ബസിലെ ക്യാമറകള്‍ പരിശോധിക്കാത്തതില്‍ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.
"
https://www.facebook.com/Malayalivartha


























