കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ മരം ബൈക്കിന് മുകളില്‍ വീണ് യുവാവ് മരിച്ചു

ദേശീയ പാതയില്‍ മരം കടപുഴകി ദേഹത്തേയ്ക്ക് പതിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പൂപ്പാറ സിംഗ്കണ്ടം പന്തടിക്കുളം നിരപ്പേല്‍ രാജുവിന്റെ മകന്‍ മനു രാജുവാണ് (21) മരിച്ചത്. ഇന്ന് രാവിലെ 10.30 ഓടെ കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ തോണ്ടിമലയ്ക്ക് സമീപം ഇറച്ചില്‍പാലത്താണ് അപകടമുണ്ടായത്. തലേദിവസത്തെ കനത്ത മഴയെ തുടര്‍ന്ന് ചുവട് ഭാഗത്തെ മണ്ണ് ഇളകിനിന്ന മരം കടപുഴകി വീഴുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നന്ദു ശെല്‍വരാജിനെ അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി.
സുഹൃത്തിന്റെ ബൈക്കിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ഇതു മാറുന്നതിനായി കൂട്ടുകാരന്റെ ബൈക്കില്‍ പൂപ്പാറ ഭാഗത്തേയ്ക്ക് ഇരുവരും വരുമ്പോഴായിരുന്നു അപകടം. വഴിയരികില്‍ നിന്നിരുന്ന മരം കടപുഴകി ബൈക്കിനും ഇരുവര്‍ക്കും ദേഹത്തേയ്ക്കും പതിക്കുകയായിരുന്നു. മരത്തിന്റെ വീഴ്ചയില്‍ പിന്നിലിരുന്ന നന്ദു റോഡരികിലേയ്ക്ക് തെറിച്ചു പോയി.
ബൈക്കിനും മരത്തിനും അടിയില്‍പെട്ട മനു രാജുവിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റിയാണ് പുറത്തെടുത്തത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മനുവിന്റെ മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി എത്തിച്ചു. അപകടത്തില്‍ തുടര്‍ന്ന് കൊച്ചി ധനുഷ്‌കോടി ദേശിയ പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
https://www.facebook.com/Malayalivartha























