അത് കണ്ട് ഷാര്‍ജ ഭരണാധികാരിയുടെ മനസ്സ് കുളിര്‍ന്നു

കേരളം സന്ദര്‍ശിച്ച ഷാര്‍ജ ഭരണാധികാരിയുടെ സമ്മാനം കണ്ട് കലാകാരന്‍മാര്‍ ഞെട്ടിപ്പോയി. ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ ഏറെ ആകര്‍ഷിച്ച കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ അവതരിപ്പിച്ച കലാകാരന്‍മാര്‍ക്കാണ് സമ്മാനം ലഭിച്ചത്. കേരളീയ കലകള്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്ക് അപ്രതീക്ഷിത സമ്മാനം നല്‍കിയിരിക്കുകയാണ് ഷെയ്ഖ് സുല്‍ത്താന്‍. കലാകാരന്മാര്‍ക്കു സമ്മാനിക്കാന്‍ 12 ലക്ഷം രൂപ ഷെയ്ഖ് സുല്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അധികൃതരെ ഏല്‍പ്പിച്ചു.
ഷെയ്ഖ് സുല്‍ത്താനും സംഘവും താമസിച്ച കോവളത്തെ ഹോട്ടല്‍ ലീല റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ അത്താഴവിരുന്നിനോടനുബന്ധിച്ചായിരുന്നു കലാപ്രകടനം. കഥകളിയും മോഹിനിയാട്ടവും ഒപ്പനയും മാര്‍ഗംകളിയും ഉള്‍പ്പെടെയുള്ളവ കോര്‍ത്തിണക്കിയ കലാപ്രകടനം ഒരുക്കിയതു ടൂറിസം വകുപ്പാണ്.
ഒരു മണിക്കൂറോളം നീണ്ട അവതരണം പൂര്‍ണമായി ആസ്വദിച്ച ഷെയ്ഖ് സുല്‍ത്താന്‍, കേരളത്തിലെ കലാരംഗത്തെ മതാതീത കൂട്ടായ്മയെ പിന്നീട് പുകഴ്ത്തുകയും ചെയ്തു. കലാവതരണം കഴിഞ്ഞു നിമിഷങ്ങള്‍ക്കുള്ളിലാണു കലാകാരന്മാര്‍ക്കുള്ള സമ്മാനവുമായി ഷെയ്ഖ് സുല്‍ത്താന്റെ പ്രോട്ടോകോള്‍ ഓഫിസര്‍ സര്‍ക്കാര്‍ അധികൃതരെ സമീപിച്ചത്. അറുപതോളം കലാകാരന്മാര്‍ക്കും സമ്മാനത്തുക തുല്യമായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ അനുവദിച്ച തുകയെക്കാള്‍ വലിയ തുക ഷെയ്ഖ് സുല്‍ത്താന്റെ സമ്മാനമായി ലഭിച്ച അമ്പരപ്പിലാണു കലാകാരന്മാര്.
https://www.facebook.com/Malayalivartha





















