കാറില്‍ ഇന്ത്യചുറ്റി റെക്കോഡിട്ട യുവാവ് വാഹനാപകടത്തിൽ മരിച്ചു ; യുവാവിന്റെ മരണത്തിന് കാരണമായത് അമിതവേഗതയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ

കാറില്‍ ഇന്ത്യ മുഴുവന്‍ കറങ്ങി റെക്കോഡിട്ട യുവാവ് നാട്ടില്‍വച്ച് സ്‌കൂട്ടറില്‍ ടൂറിസ്‌റ്റ് ബസിടിച്ചു മരിച്ചു. തിരുവല്ല കുറ്റൂര്‍ താഴ്‌ചയില്‍ ജേക്കബ് കുര്യന്‍-മറിയാമ്മ ദമ്പതികളുടെ മകന്‍ വിനു കുര്യന്‍ ജേക്കബാ(25)ണ് ഇന്നലെ പുലര്‍ച്ചെ ഒരുമണിക്ക് എം.സി റോഡില്‍ ചെങ്ങന്നൂര്‍ പുത്തന്‍വീട്ടില്‍പ്പടി റെയില്‍വേ മേല്‍പ്പാലത്തിനു സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്. സഹോദരനും ബന്ധുവിനുമൊപ്പം ലഡാക്കില്‍നിന്ന് കന്യാകുമാരി വരെ രണ്ടു ദിവസവും അഞ്ചു മണിക്കൂറും കൊണ്ട് കാര്‍ ഓടിച്ച് റെക്കോഡ് സൃഷ്‌ടിച്ച വിനു 12 സംസ്‌ഥാനങ്ങളിലൂടെ 3888 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ലിംകാ ബുക്ക് ഓഫ് റെക്കോഡില്‍ ഇടംപിടിച്ചിട്ടുണ്ട്.വിനു സഞ്ചരിച്ച സ്‌കൂട്ടറില്‍ തൃശൂരില്‍നിന്നു തെങ്കാശിക്കുപോയ ടൂറിസ്‌റ്റ് ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ബസിനടിയിലേക്ക് പാഞ്ഞു കയറി. പിന്നാലെവന്ന സുഹൃത്തുക്കളും സമീപമുണ്ടായിരുന്നവരും ചേര്‍ന്ന് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ടിന് വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കുന്ന മൃതദേഹം ഉച്ച കഴിഞ്ഞ് മൂന്നിന് കുറ്റൂര്‍ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ജറുസലേം പള്ളിയില്‍ സംസ്‌കരിക്കും.
https://www.facebook.com/Malayalivartha

























