കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട ജെറ്റ് എയർവേഴ്സ് വിമാനം യാത്രക്കാരെ ഇറക്കാതെ കൊച്ചിയിൽ തന്നെ തിരിച്ചെത്തി

കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട ജെറ്റ് എയർവേഴ്സ് വിമാനം യാത്രക്കാരെ ഇറക്കാതെ കൊച്ചിയിൽ തന്നെ തിരിച്ചെത്തി. കഴിഞ്ഞ ദിവസം പുറപ്പെട്ട വിമാനത്തിന് കനത്ത മൂടൽമഞ്ഞ് കാരണം ഷാർജ വിമാനത്താവളത്തിൽ ഇറങ്ങാനായില്ല. തുടർന്ന് കൊച്ചിയിലേക്ക് തന്നെ തിരിച്ചു വരുകയായിരുന്നു. ഇന്ന് 11.10ഓടെ കൊച്ചിയിലെത്തിയ വിമാനത്തിൽ നിന്നും പുറത്തിറങ്ങാതെ യാത്രക്കാർ പ്രതിഷേധിക്കുകയാണ്.
ഇന്നലെ രാത്രി 9.30ഓടെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം ഷാർജയിലിറക്കാൻ കഴിയാതെ വന്നതോടെ മസ്ക്കറ്റിലേക്ക് തിരിച്ച് വിട്ടിരുന്നു. തുടർന്ന് 12.30ന് മസ്ക്കറ്റിലെത്തിയെങ്കിലും യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കിയില്ല. പിന്നീട് ഇന്ന് രാവിലെ 7.30ന് മസ്ക്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് തിരിച്ച് വിടുകയായിരുന്നു. എന്നാൽ കൊച്ചിയിലെത്തിയ വിമാനത്തിൽ നിന്നും യാത്രക്കാരെ ബലംപ്രയോഗിച്ച് പുറത്തിറക്കാൻ ശ്രമിച്ചെന്ന് പരാതിയുണ്ട്.
വിമാനം എപ്പോൾ പുറപ്പെടും എന്ന ഉറപ്പ് ലഭിക്കാതെ പുറത്തിറങ്ങില്ലെന്ന നിലപാടിലാണ് യാത്രക്കാർ. അതേസമയം, യു.എ.ഇയിലെ പല ഭാഗത്തും അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞ് രാജ്യത്തെ കര,വ്യോമ ഗതാഗത മാർഗങ്ങൾ താറുമാറാക്കി. ദുബായ് വിമാനത്താവളത്തിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകുമെന്നാണ് അറിയുന്നത്.
ഇത് കൂടാതെ അബുദാബി വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട എത്തിഹാദ് വിമാനങ്ങളും റദ്ദാക്കിയതായി വിവരമുണ്ട്.
https://www.facebook.com/Malayalivartha


























