ഓഖി: പൂന്തുറ, വലിയതുറ തുറമുഖങ്ങള്‍ക്ക് കേന്ദ്രസഹായം ലഭ്യമാക്കണം

പൂന്തുറ, വലിയതുറ മത്സ്യബന്ധന തുറമുഖങ്ങള്‍ക്ക് കേന്ദ്രസഹായം ലഭ്യമാക്കണമെന്ന് ഓഖി ദുരന്തം വിലയിരുത്താന്‍ പൂന്തുറയിലെത്തിയ കേന്ദ്രസംഘത്തോട് സ്ഥലം എം.എല്‍.എയായ വി.എസ്.ശിവകുമാര്‍ ആവശ്യപ്പെട്ടു. തുറമുഖങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാ പഠനങ്ങളും ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും, കാണാതായവര്‍ക്കും സാമ്പത്തിക സഹായം ഉള്‍പ്പെടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം അനിവാര്യമാണ്. ഇതിനായി ഉള്‍പ്പെടുത്തിയിട്ടുള്ള തുക അപര്യാപ്തമാണെന്നും കേന്ദ്രസംഘത്തെ അറിയിച്ചു. തീരദേശ മേഖലയില്‍ കുടിവെള്ളം, ഡ്രെയിനേജ് പദ്ധതികള്‍ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ പ്രത്യേക ഫണ്ട് ആവശ്യമാണ്. വീടും സ്ഥലവുമില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പദ്ധതി പ്രഖ്യാപിക്കണമെന്നും വി.എസ്.ശിവകുമാര്‍ ആവശ്യപ്പെട്ടു.
ദുരന്തത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ട്, വള്ളം, മത്സ്യബന്ധന ഉപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ടു. ഇതിന് നഷ്ടപരിഹാരമായി കേന്ദ്രം പ്രത്യേക തുക അനുവദിക്കണമെന്നും കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തെത്തുടര്‍ന്ന് കടലില്‍ കാണാതാവുകയും മരണപ്പെടുകയും ചെയ്ത മത്സ്യത്തൊഴിലാളി ഭവനങ്ങള്‍ വി.എസ്.ശിവകുമാറിനോടൊപ്പം കേന്ദ്രസംഘം സന്ദര്‍ശിച്ചു. ദുരന്തത്തില്‍ തകര്‍ന്ന വീടുകള്‍, വള്ളങ്ങള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍ തുടങ്ങി തീരദേശമേഖലയിലെ നാശനഷ്ടങ്ങള്‍ കേന്ദ്രസംഘത്തിന് മുന്നില്‍ ബോധ്യപ്പെടുത്തി നല്‍കിയതായും വി.എസ്.ശിവകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























