വീടുകളില്‍ കറുത്ത സ്റ്റിക്കര്‍... നാട്ടുകാര്‍ ഭീതിയില്‍

സംസ്ഥാനത്ത് മോഷണം ലക്ഷ്യമിട്ട് തിരുട്ടുഗ്രാമസംഘങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്. കോട്ടയം നാഗമ്ബടത്തെ ചില വീടുകളുടെ ഭിത്തിയില്‍ കറുത്ത സ്റ്റിക്കറുകള്‍ കണ്ടതോടെയാണ് തിരുട്ടുഗ്രാമസംഘങ്ങള്‍ ഉള്ളതായി നാട്ടുകാര്‍ ഭയപ്പെടുന്നത്. സംസ്ഥാനത്ത് മോഷണ പരമ്പര തുടരുന്ന സാഹചര്യത്തിലാണ് ഇത്തരം സ്റ്റിക്കറുകള്‍ കണ്ടതെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. എറണാകുളം പോളിടെക്‌നിക്ക് അദ്ധ്യാപിക നട്ടാശ്ശേരി പുത്തേട്ട് സ്വാതിഭവനില്‍ രാധിക, നാട്ടകം ഗവ.കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ നാഗമ്ബടം കാര്‍ത്തികയില്‍ രാജന്‍ എന്നിവരുടെ വീടുകളിലാണ് കറുത്ത സ്റ്റിക്കറുകള്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് രാധികയുടെ വീടിനു സമീപത്ത് ഒരിഞ്ച് വലിപ്പമുള്ള കറുത്ത സ്റ്റിക്കര്‍ കണ്ടത്. ഇത് എപ്പോഴാണ് പതിച്ചതെന്നതിനെപ്പറ്റി സൂചനകളില്ല. ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. വൈകുന്നേരത്തോടെയാണ് നാഗമ്ബടത്ത് രാജന്റെ വീട്ടിലെ ജനലില്‍ സ്റ്റിക്കര്‍ കണ്ടത്. മൂന്നാഴ്ചയായി വീട് അടഞ്ഞു കിടക്കുകയായിരുന്നു. അയല്‍വാസികളാണ് പൊലീസില്‍ അറിയിച്ചത്. സ്റ്റിക്കര്‍ പറിച്ചു കളഞ്ഞ ശേഷം ജനല്‍ കഴുകി വൃത്തിയാക്കി. എന്നാല്‍, സംഭവത്തിനു പിന്നില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഇരുപതിനു നട്ടാശ്ശേരി പുത്തേട്ട് കരങ്ങേലിപ്പടി റോഡിന് സമീപം തെങ്ങുംപള്ളില്‍ ഡോ. പ്രകാശിനി ടോം, മുരിക്കോലി ബാബു എന്നിവരുടെ വീടുകളില്‍ സമാന രീതിയില്‍ സ്റ്റിക്കര്‍ കണ്ടിരുന്നു. ത്രികോണ ആകൃതിയില്‍ സ്റ്റിക്കര്‍ കണ്ടെത്തിയ മറ്റൊരു വീട്ടില്‍ മൂന്നുവര്‍ഷം മുമ്ബ് മോഷണം നടന്നിരുന്നു. മോഷണം നടത്തേണ്ട വീടുകള്‍ തിരിച്ചറിയാന്‍ വേണ്ടിയാണ് സ്റ്റിക്കര്‍ പതിച്ചതെന്ന സംശയമുണ്ട്. ഇതേത്തുടര്‍ന്ന് പൊലീസ് മേഖലയില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി.
https://www.facebook.com/Malayalivartha


























