ഇൻസ്റ്റഗ്രാമിലൂടെ നടി പാർവതിക്ക് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി യുവാവ് അറസ്റ്റിൽ

സോഷ്യൽ മീഡിയയിലൂടെ നടി പാർവതിയെ അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ഒരാൾ കൂടി അറസ്റ്റിലായി. സ്വകാര്യ കോളേജ് വിദ്യാർത്ഥിയായ കൊല്ലം ചാത്തന്നൂർ സ്വദേശി റോജനാണ് അറസ്റ്റിലായത്. പാർവതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ ഇൻസ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചിരുന്നു.
സംഭവത്തിൽ കേസെടുത്ത എറണാകുളം സൗത്ത് പൊലീസാണ് ഇയാളെ കൊല്ലത്ത് നിന്നും കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ വടക്കഞ്ചേരി സ്വദേശി പ്രിന്റോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം 24നാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ, കൊച്ചി റേഞ്ച് ഐ.ജി പി. വിജയൻ എന്നിവർക്ക്, തനിക്കെതിരെയുള്ള സൈബർ ആക്രമണം തടയണമെന്ന് ആവശ്യപ്പെട്ട് പാർവതി പരാതി നൽകിയത്. തുടർന്ന് എറണാകുളം സൗത്ത് പൊലീസിന് പരാതി കൈമാറുകയായിരുന്നു.
നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പാർവതി ഐ.എഫ്.എഫ്കെയുടെ ഓപ്പൺ ഫോറത്തിൽ വിമർശിച്ചിരുന്നു. ഇതിനെതിരെ ഒരു വിഭാഗം ആളുകൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ വിമർശിക്കുകയും നിരവധി ട്രോളുകൾ പ്രചരിപ്പിക്കുകയും ചെയ്തു. പാർവതിയെ കൂടാതെ ഐ.എഫ്.എഫ്കെ ഓപ്പൺ ഫോറത്തിലുണ്ടായിരുന്ന നടി റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവർക്കെതിരെയും ചിലർ വിമർശനമുയർത്തിയിരുന്നു.
ഭീഷണി മുഴക്കിയവരുടെ പേരുകളും ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളും സഹിതമാണ് പാർവതി പരാതി നൽകിയത്. വ്യക്തിഹത്യ നടത്താൻ സംഘടിതശ്രമം നടക്കുന്നതിനൊപ്പം ഭീഷണി സന്ദേശങ്ങൾ രണ്ടാഴ്ചയായി തുടരുന്നെന്നും പരാതിയിൽ പറയുന്നു.
https://www.facebook.com/Malayalivartha


























