എ.കെ.ജിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ വി.ടി ബല്‍റാം എം.എല്‍.എയ്ക്കെതിരെ വിമര്‍ശനവുമായി പി.സി ജോര്‍ജ്

ആദ്യ പ്രതിപക്ഷനേതാവായ എ.കെ.ജിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിൽ വി.ടി ബല്‍റാമിനെതിരെ സമൂഹത്തിന്റെ എല്ലാ കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുന്നു. എ.കെ.ജിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ എം.എല്‍.എയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി പി.സി ജോര്‍ജ് എം.എല്‍.എ രംഗത്ത് എത്തിയിരിക്കുകയാണ്. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി എന്ത് വിവരക്കേടും വിളിച്ചു പറയുന്ന രീതി ഒഴിവാക്കാന്‍ ബല്‍റാമിനെപോലുള്ളവര്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എ.കെ.ജി കേവലമൊരു കമ്മ്യൂണിസ്റ്റ് നേതാവ് മാത്രമല്ല, സാധാരണക്കാരുടെ കര്‍ഷക ബന്ധുകൂടിയാണ് അദ്ദേഹമെന്നും അത്തരത്തിലുള്ള ആളുകളെക്കുറിച്ച് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തി വിവാദമുണ്ടാക്കുന്നത് ഗുണകരമാണോ എന്ന കാര്യം ചര്‍ച്ച ചെയ്യണമെന്നും പി സി ജോർജ് പറയുന്നു.
ഒരുപാടു നന്മകളുള്ള ആ മനുഷ്യനെ മരണശേഷവും ഇത്തരത്തിലുള്ള പ്രസ്താവനകളിലൂടെ വേട്ടയാടുന്നത് ശരിയല്ലെന്നും പക്വതയില്ലാത്ത വാക്കുകളാണ് ബല്‍റാമിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കളാരും തന്നെ ബല്‍റാമിനെ പിന്തുണച്ച് ഇതുവരെയും രംഗത്ത് എത്തിയിട്ടില്ല. അടുത്തകാലത്തായി കോണ്‍ഗ്രസിനെ അടക്കം പ്രതിരോധത്തിലാക്കുന്ന പോസ്റ്റുകളുമായി വി.ടി എത്തിയിരുന്നു.
https://www.facebook.com/Malayalivartha


























