ഭാഗ്യം അബുദാബി വഴി വന്നതിങ്ങനെ... ആദ്യ അഭിനന്ദനം പറഞ്ഞത് ഫിലിപ്പീന്‍ യുവതി

കഴിഞ്ഞ 15 വര്‍ഷമായി യുഎഇയിലുള്ള പ്രവാസിക്ക് ഭാഗ്യം നിറഞ്ഞൊഴുകി. അബുദാബി ഡ്യൂട്ടി ഫ്രീ ഡിസംബര്‍ മാസ നറുക്കെടുപ്പിന്റെ ശനിയാഴ്ച നടന്ന ഡ്രീം 12 നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി 20 കോടി ഏഴ് ലക്ഷം രൂപയാണ് സമ്മാനം ലഭിച്ചത്. ദുബായിലെ ഒരു കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജറായി ജോലി ചെയ്യുകയാണ് ഹരികൃഷ്ണന്‍. ദൈവത്തിന്റെ സമ്മാനമാണിത് എന്നാണ് ഹരികൃഷ്ണന്‍ ഇതിനെക്കുറിച്ച് പറഞ്ഞത്. ആലപ്പുഴ ടൗണിലെ രജനി നിവാസില്‍ പരേതനായ വേലപ്പന്‍ നായര്‍ പത്മാവതി ദമ്പതികളുടെ മകനാണ് ഹരികൃഷ്ണന്‍.
ദുബായില്‍ ജോലിത്തിരക്കിലായിരുന്നപ്പോള്‍, രാവിലെ 10 നായിരുന്നു ആദ്യ ഫോണ്‍ കോള്‍ വന്നത്. ഒരു ഫിലിപ്പീന്‍ യുവതി മൊബൈല്‍ ഫോണില്‍ നിന്നായിരുന്നു വിളിച്ചത്. അഭിനന്ദനങ്ങള്‍. അബുദാബി ഡ്യൂട്ടി ഫ്രീ ഡ്രീം 12 നറുക്കെടുപ്പില്‍ താങ്കള്‍ക്ക് 12 മില്യന്‍ ദിര്‍ഹം സമ്മാനം ലഭിച്ചിരിക്കുന്നു എന്ന് അവര്‍ പറഞ്ഞപ്പോള്‍, വിശ്വസിച്ചില്ല. ആരോ കളിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതാണെന്ന് ഉറപ്പ്. അതേപ്പറ്റി കാര്യമായി ചിന്തിക്കാതെ ജോലിയില്‍ മുഴുകി. പക്ഷേ, വൈകാതെ അബുദാബി ലാന്‍ഡ് ലൈനില്‍ നിന്ന് ഒരു കോള്‍ കൂടി വന്നു. ഫിലിപ്പീനി യുവതി പറഞ്ഞതിന്റെ ആവര്‍ത്തനം. ആ വിളി വിശ്വസിക്കാന്‍ തോന്നി.
ഉടന്‍ അജ്മാനിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഭാര്യ നിഷയെ വിളിച്ച് കാര്യം പറഞ്ഞു. അത് ചേട്ടനെ ആരോ കളിപ്പിക്കാന്‍ ചെയ്തതായിരിക്കും എന്നായിരുന്നു ലാഘവത്തോടെയുള്ള മറുപടി. എന്നാലും ഡ്യൂട്ടിഫ്രീ സൈറ്റില്‍ പോയി നോക്കാന്‍ പറഞ്ഞു. ഞാനെടുത്ത കൂപ്പണിലെ നമ്പറിന് തന്നെയാണ് ഒന്നാം സമ്മാനം ലഭിച്ചിട്ടുള്ളതെന്ന് ഉറപ്പാക്കി. താമസിയാതെ മാധ്യമങ്ങളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍. പിന്നീട്, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭിനന്ദനപ്രവാഹമായിരുന്നു. പക്ഷേ, എനിക്കിപ്പോഴും ഇത് വിശ്വസിക്കാനായിട്ടില്ല'ഹരികൃഷ്ണന്‍ പറയുന്നു.
രണ്ട് വര്‍ഷം മുന്‍പാണ് ഇപ്പോഴുള്ള ജോലിയില്‍ പ്രവേശിച്ചത്. ഇതിന് ശേഷം നാട്ടില്‍ പോയിട്ടില്ല. അടുത്തയാഴ്ച നാട്ടിലേയ്ക്ക് കുടുംബ സമേതം പോകാന്‍ വിമാന ടിക്കറ്റ് എടുത്തിരുന്നു. നാട്ടിലുള്ള അമ്മയോട് സമ്മാനം ലഭിച്ച കാര്യം പറഞ്ഞപ്പോള്‍, അതൊന്നും എനിക്കറിയേണ്ട. നീ എത്രയും പെട്ടെന്ന് ഒന്നു വാ മോനേ എന്നായിരുന്നു മറുപടി. ആദ്യമായാണ് ഒരു നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്നത്. അതേതായാലും ഇത്രവലിയ ഭാഗ്യമായത് ദൈവാനുഗ്രഹം കൊണ്ടാണ് എന്ന് ഹരികൃഷ്ണന്‍ പറയുന്നു.
കഴിഞ്ഞ 15 വര്‍ഷമായി യുഎഇയിലുള്ള ഹരികൃഷ്ണന്‍ ആദ്യമായി കഴിഞ്ഞ മേയിലാണ് കൂപ്പണ്‍ എടുത്തത്. പിന്നീട്, നവംബറിലും ഭാഗ്യ പരീക്ഷണം നടത്തി. ഒന്നു പോയാല്‍ മൂന്നെന്ന പോലെ, ഡിസംബര്‍ രണ്ടാം വാരത്തിലെടുത്ത മൂന്നാമത്തെ ടിക്കറ്റിലൂടെ ഭാഗ്യമെത്തിയപ്പോള്‍ അത് ഈ നറുക്കെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനവുമായിത്തീര്‍ന്നു.
https://www.facebook.com/Malayalivartha



























