സൂര്യാ ഫാനും വിജയ് ഫാനും തമ്മിൽ പൊരിഞ്ഞ വഴക്ക്; ഒടുവിൽ കയ്യേറ്റമായപ്പോൾ...

തമിഴ് താരങ്ങളായ വിജയ്, സൂര്യ ആരാധകര്‍ ഏറ്റുമുട്ടി. സൂര്യ ആരാധകനായ യുവാവിന് ഗുരുതര പരിക്ക്. വിളപ്പില്‍ശാല ചെറുകോട് ജംഗ്ഷനിലാണ് കഴിഞ്ഞ ദിവസം രാത്രി ഇരുവിഭാഗം ആരാധകര്‍ ഏറ്റുമുട്ടിയത്. വിളപ്പില്‍ശാല കാരോട് കരിമരത്തിന്‍മൂട് വീട്ടില്‍ ഷിജു (22) വിനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ചെറുകോട് ജംഗ്ഷനില്‍ നാട്ടുകാര്‍ ചേര്‍ന്ന് കൊച്ചു കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
പരിപാടിക്ക് ശേഷം സൂര്യ അഭിനയിച്ച സിനിമയിലെ പാട്ടുകളിട്ട് ഷിജുവും സംഘവും നൃത്തം ചെയ്തു. ഈ സമയം വിജയ് ഫാന്‍സുകാരായ ഇരുപതോളം പേര്‍ വിജയ് അഭിനയിച്ച സിനിമയിലെ പാട്ടിടണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇത് സൂര്യ ഫാന്‍സുകാര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കം കയ്യാങ്കളിയിലെത്തി. ഇതിനിടെ വിജയ് ആരാധകരിലൊരാള്‍ കമ്പിപ്പാര കൊണ്ട് ഷിജുവിന്റെ തലയ്ക്കടിച്ചു. തല രണ്ടായി പിളര്‍ന്ന നിലയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഷിജുവിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയാണ് ജീവന്‍ രക്ഷിച്ചത്. അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് ഷിജുവിനെ വിളപ്പില്‍ശാല ആശുപത്രിയിലേക്ക് മാറ്റി. വിളപ്പില്‍ശാല പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha



























