വീട് കുത്തിത്തുറന്ന് നൂറു പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ചു; സംഭവം ആലുവയിൽ

വീട് കുത്തിത്തുറന്ന് നൂറു പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ചു. ആലുവയിലാണ് സംഭവം. മഹിളാലയം കവലയിൽ പടിഞ്ഞാറേപറമ്പിൽ അബ്ദുള്ളയുടെ വീട്ടിൽ നിന്നാണു സ്വർണവും പണവും മോഷണം പോയത്. ഇന്നലെയായിരുന്നു സംഭവം. വീടിനു പിന്നിലെ വാതിലിന്റെ പൂട്ട് തകർന്ന നിലയിലായിരുന്നു. ഇതുവഴി മോഷ്ടാക്കൾ അകത്ത് കടന്നതെന്ന് കരുതുന്നു. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും പല മുറികളിൽ നിന്നായി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒന്നിലധികം പേർ മോഷണസംഘത്തിലുണ്ടാകാമെന്നാണ് സ്ഥലത്ത് പരിശോധന നടത്തിയ ശേഷം പോലീസ് പറയുന്നത്.
വീട്ടിലെ എല്ലാ മുറികളിലും മോഷ്ടാക്കൾ കയറിയിട്ടുള്ളതിന്റെ സൂചനകളുണ്ട്. അലമാരകളും മേശയുമൊക്കെ വലിച്ചുവാരിയ നിലയിലാണ്. മണിക്കൂറുകൾ മോഷ്ടാക്കൾ വീട്ടിൽ ചെലവഴിച്ചിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം.
അബ്ദുള്ളയും കുടുംബവും മമ്പുറത്ത് സന്ദർശനത്തിനായി രാവിലെ ഏഴിനു വീടുപൂട്ടി പോയതാണ്. രാത്രി തിരിച്ചെത്തിയപ്പോഴാണു മോഷണ വിവരമറിഞ്ഞത്.
https://www.facebook.com/Malayalivartha






















