ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്; പി.എസ്.സി ഒഴികെ ഇന്ന് നടത്താനിരുന്ന മറ്റു പരീക്ഷകൾ മാറ്റിവച്ചു

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചു സംസ്ഥാനത്ത് ഇന്ന് മോട്ടോർ വാഹന പണിമുടക്ക്. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴിൽ ഉടമകളും സംയുക്തമായി നടത്തുന്ന പണിമുടക്കിൽ കെഎസ്ആർടിസി ജീവനക്കാരും പങ്കെടുക്കും. അതുകൊണ്ടുതന്നെ ഗതാഗതം പൂർണമായും തടസപ്പെടുന്നതാണ്. പൊതുഗതാഗത സംവിധാനം പൂർണമായും തടസപ്പെടുന്നത് സർക്കാർ ഓഫീസുകളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പ്രവർത്തനത്തെ ബാധിക്കും.
സ്പെയർ പാട്സുകൾ വിൽക്കുന്ന കടകൾ, വർക്ക് ഷോപ്പുകൾ എന്നിവയും പ്രവർത്തിക്കില്ല. കേരള സർവകലാശാല, എംജി സർവകലാശാല, ആരോഗ്യസർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. എന്നാൽ പിഎസ്സി പരീക്ഷകൾക്കു മാറ്റമില്ല. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നു സമരസമിതി അറിയിച്ചിട്ടുണ്ട്.
കെഎസ്ആർടിസിയിൽ വ്യക്തമായ കാരണങ്ങളില്ലാതെ ജീവനക്കാർക്ക് അവധി നൽകരുതെന്നും പോലീസ് സംരക്ഷണത്തോടെ പരാമവധി സർവീസുകൾ നടത്തണമെന്നും എംഡി ഉത്തരവിട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് കെഎസ്ആർടിസി ജീവനക്കാരും സമരത്തിനിറങ്ങുന്നത്.
https://www.facebook.com/Malayalivartha
























