നടൻ ശ്രീനിവാസന്റേത് അത്ഭുതകരമായ രക്ഷപെടൽ; മസ്തിഷ്കാഘാതം സംഭവിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്നും സത്യൻ അന്തിക്കാട്

നടൻ ശ്രീനിവാസൻ ആശുപത്രിയിലായതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സുഹൃത്തും സംവിധായകനുമായ സത്യൻ അന്തിക്കാട്. ശ്രീനിവാസന്റേത് അത്ഭുതകരമായ രക്ഷപെടലായിരുന്നുവെന്നും ഇപ്പോൾ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ശ്രീനിവാസന് മസ്തിഷ്കാഘാതം സംഭവിച്ചെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് സത്യൻ അന്തിക്കാട് വ്യക്തമാക്കി.
ശ്രീനിവാസനുമായി സംസാരിച്ചെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ എന്തോ കുഴപ്പം ഉള്ളതുപോലെ തോന്നുന്നതായും ഡോക്ടറെ കാണുകയാണെന്നും ശ്രീനി പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ചെറിയ ബ്ലോക്ക് വരുന്നതിന്റെ സൂചന ലഭിച്ചതിനെ തുടർന്ന് നേരത്തെ ചികിത്സ ആരംഭിച്ചു. അതിനാൽ അത്ഭുതകരമായി രക്ഷപെട്ടു.
രാവിലെ ഡോക്ടറുമായി സംസാരിച്ചിരുന്നു. ഒരാഴ്ച ഹോസ്പിറ്റലില്‍ കിടക്കേണ്ടി വരും. അതുകഴിഞ്ഞാല്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നതെന്നും സത്യൻ പറഞ്ഞു. ശ്രീനിവാസന് ഗുരുതര പ്രശ്നങ്ങളൊന്നുമില്ലെന്നും അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മകന്‍ വിനീത് ശ്രീനിവാസന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























