ചാലക്കുടിയിലെ ജ്വല്ലറിയില്‍ വന്‍കവര്‍ച്ച; 15 കിലോ സ്വര്‍ണവും ആറ് ലക്ഷം രൂപയും നഷ്ടപ്പെട്ടു

ചാലക്കുടിയിലെ ഗോള്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ കവര്‍ച്ച. റെയില്‍വെ സ്‌റ്റേഷന്‍ റോഡിലുള്ള ഇടശ്ശേരി സൂപ്പര്‍ മാര്‍ക്കറ്റിലെ ടി.ടി. ദേവസി ആന്‍ഡ് സണ്‍സ് ജ്വല്ലറിയിലാണ് വന്‍മോഷണം നടന്നത്. ഇന്ന് രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. 15 കിലോ സ്വര്‍ണവും ആറ് ലക്ഷത്തോളം രൂപയുമാണ് ഇവിടെ നിന്നും മോഷണം പോയത്.
ജ്വല്ലറിയുടെ പുറകുവശത്തുള്ള വിജനമായ പറമ്പിലൂടെ എത്തിയ മോഷ്ടാക്കള്‍ എക്‌ഹോസ്റ്റ് ഫാന്‍ തകര്‍ത്താണ് അകത്ത് കടന്നത്. ജ്വല്ലറിയുടെ ഭൂഗര്‍ഭ അറയിലേക്ക് കയറുകെട്ടി ഇവര്‍ തൂങ്ങിയാണ് ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഭൂഗര്‍ഭ അറയിലെ ലോക്കര്‍ പൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്. പൗച്ചില്‍ സൂക്ഷിച്ചിരുന്ന 14 കിലോയിലധികം വരുന്ന പുതിയ സ്വര്‍ണാഭരണങ്ങളും ഒരു കിലോയോളം വരുന്ന പഴയ സ്വര്‍ണവുമാണ് മോഷണം പോയത്. സ്വര്‍ണത്തോടൊപ്പം സൂക്ഷിച്ചിരുന്ന ആറ് ലക്ഷം രൂപയും കവര്‍ന്നു. ഇന്നലെ ഞായറാഴ്ചയായതിനാല്‍ ജ്വല്ലറി തുറന്നിരുന്നില്ല. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച രാത്രിയോ ആയിരിക്കാം കവര്‍ച്ച നടന്നതെന്നാണ് പൊലീസ് നിഗമനം.
ജ്വല്ലറിയില്‍ സി.സി.ടി.വി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല. സമീപത്തുള്ള കടകളുടെ സി.സി.ടി.വി കാമറകളില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























