സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് ഇനി ഒരേ നിറം ; ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാകും

സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കാനുള്ള സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ നടപടി ക്രമങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും. അതനുസരിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഇനി പല നിറത്തിൽ ഓടില്ല എല്ലാ ബസുകൾക്കും ഒരേ നിറമായിരിക്കും. നിലവില്‍ സ്വകാര്യ ബസുകള്‍ക്ക് ഓരോയിടത്തും ഓരോ നിറമാണ്.
പുതിയ തീരുമാനമനുസരിച്ച് സിറ്റി ബസുകള്‍ക്ക് ഇളം പച്ചയും, ഓര്‍ഡിനറി ബസുകള്‍ക്ക് ഇളം നീലയും, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകള്‍ക്ക് ഇളം മെറൂണുമാണ് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ബസുകള്‍ക്കും അടിവശത്ത് ഓഫ് വൈറ്റ് നിറത്തില്‍ മൂന്ന് വരകളുണ്ടാകും. നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ഫെബ്രുവരി മുതല്‍ ഫിറ്റ്നസിന് ഹാജരാക്കുമ്പോള്‍ പുതിയ നിറങ്ങള്‍ നിര്‍ബന്ധമാക്കും. സ്വകാര്യ ബസുടമകളുടേയും കൂടി ആവശ്യപ്രകാരമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
സർക്കാരിന്റെ പുതിയ നിർദ്ദേശം പാലിച്ചില്ലെങ്കില്‍ ഫിറ്റ്നസ് പരിശോധനയ്ക്കെത്തുന്ന ബസുകള്‍ക്ക് അനുമതി ലഭിക്കില്ല. ഇതനുസരിച്ച് ഒരു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകളിലെ നിറംമാറ്റം പൂര്‍ത്തിയാകും. നിറത്തെ സംബന്ധിച്ച തീരുമാനത്തിന് പുറമെ മത്സരയോട്ടം തടയാന്‍ നിലവിലെ സമയക്രമം മാറ്റാനും ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha



























