മീന്‍തല കഴിച്ച പൂച്ചകൾ കൂട്ടത്തോടെ ചത്തൊടുങ്ങി.. നിരവധി പൂച്ചകള്‍ അവശനിലയില്‍; കാരണം മത്തിയിലെയും അയലയിലെയും കൊടും വിഷമോ?

മത്തിയുടെയും അയലടെയും മീന്‍തല കഴിച്ച പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. വിഷാംശം അകത്തു ചെന്നതോ വൈറസ് ബാധയോ ആകാം പൂച്ചകളുടെ മരണകാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം. അറക്കുളം മൈലാടി വിഴുക്കപ്പാറ ഷാജി വളര്‍ത്തുന്ന 16 പൂച്ചകളില്‍ എട്ടെണ്ണത്തിന്റെ ജീവന്‍ ഇന്നലെ നഷ്ടപ്പെട്ടു.
തൊട്ടു പിന്നാലെ ആലിന്‍ചുവട് സുരേന്ദ്രന്റെ പൂച്ചയും ചത്തു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന പൂച്ചകളെ സംരക്ഷിക്കുന്നയാളായ ഷാജി കഴിഞ്ഞ ദിവസം പൂച്ചകള്‍ക്കു കൊടുക്കാനായി മത്തിയും അയലയും വാങ്ങിയിരുന്നു. മീന്‍ കഴിച്ചതോടെ എട്ടു പൂച്ചകള്‍ വീണു ചാവുകയായിരുന്നു. ജീവനോടെ അവശേഷിച്ച എട്ടു പൂച്ചകള്‍ അവശനിലയിലാണ്.
ഒരു മാസം മുന്‍പു ശാന്തന്‍പാറയ്ക്കു സമീപം കജനാപ്പാറയില്‍ 28 പൂച്ചകളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ചൊവ്വാഴ്ച തൊടുപുഴയ്ക്കു സമീപം അറക്കുളം, ആലിന്‍ചുവട് മേഖലകളില്‍ ഒന്‍പതു പൂച്ചകള്‍ ചത്തു. എട്ടു പൂച്ചകള്‍ അവശനിലയിലാണ്.
മാസങ്ങള്‍ക്കു മുമ്പ് വണ്ണപ്പുറത്തു കടയില്‍നിന്നു വാങ്ങിയ മീനിന്റെ തല പൂച്ചയ്ക്കു നല്‍കിയപ്പോള്‍ പൂച്ച മയങ്ങി വീണിരുന്നു. അന്വേഷണത്തില്‍ ഈ കടയില്‍ വില്‍ക്കുന്ന മീനില്‍ കീടനാശിനി സ്‌പ്രേ ചെയ്യുന്നതായി കണ്ടെത്തി.
അങ്ങനെയെന്തെങ്കിലും കാരണം കൊണ്ടാണോ ഇന്നലെയും പൂച്ചകൾ ചത്തൊടുങ്ങുന്നത് എന്ന അന്വേഷണത്തിലാണ് പോലീസും.
https://www.facebook.com/Malayalivartha



























