ഇ-കൊമേഴ്സ് സൈറ്റുകളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കാവിനിറമുള്ളകോഡ് വേണമെന്ന് പൊതുതാത്പര്യഹര്‍ജി
ഓണ്‍ലൈന്‍ ഇ-കൊമേഴ്സ് സൈറ്റുകളില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാന്‍ കാവിനിറം അടയാളപ്പെടുത്തണമെന്ന് ഗുജറാത്ത് ഹൈക്കോടതിയ്ക്കു മുന്നില്‍ പൊതുതാത്പര്യ ഹര്‍ജി. പൂര്‍ണമായും സ്വദേശത്ത് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് കാവിനിറമോ ഓറഞ്ച് നിറമോ ഉള്ള കോഡുകള്‍ നല്‍കണമെന്നാണ് ഹര്‍ജിയിലുള്ളത്. അഡ്വ. യാതിന് സോണിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരതിനെക്കുറിച്ചുള്ള പ്രഖ്യാപനം നടന്ന ശേഷം സ്വദേശി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുന്നവര്‍ക്ക് അവ എളുപ്പം തിരിച്ചറിയാനാണ് കാവിനിറമോ ഓറഞ്ച് നിറമോ ഉള്ള കോഡുകള്‍ അടയാളപ്പെടുത്തണമെന്ന് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് ചുവന്ന നിറത്തിലുള്ള കോഡ്, വിദേശത്ത് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നീല നിറമുള്ള കോഡ്, വിദേശകമ്പനികളുടെ ഒരു ഉത്പ്പന്നം ഇന്ത്യയിലാണ് നിര്‍മ്മിക്കപ്പെട്ടതെങ്കില്‍ അവയ്ക്ക് മഞ്ഞ നിറത്തിലുള്ള കോഡ്, ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണെങ്കില്‍ അവയ്ക്ക് പിങ്ക് നിറത്തിലുള്ള കോഡ് എന്നിങ്ങനെയുള്ള കോഡുകള്‍ നല്‍കണമെന്നുമാണ് ഹര്‍ജിയിലുള്ളത്.
രാജ്യത്ത് നിര്‍മിച്ച വസ്തുക്കള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് എളുപ്പമാകുമെന്നാണ് ഹര്ജിക്കാരന് പറയുന്നത്.
https://www.facebook.com/Malayalivartha