ഇതാണ് ഡിജിറ്റല്‍ ഇന്ത്യ; മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ കിതച്ച് 109-ാം സ്ഥാനം

മൊബൈല്‍ ഫോണ്‍ ഡേറ്റ ഉപയോഗത്തില്‍ ഇന്ത്യ മുന്നിലാണെങ്കിലും മൊബൈല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗത്തില്‍ ലോകത്ത് 109-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ നവംബറില്‍ 8.80 മെഗാബിറ്റ്‌സ് പെര്‍ സെക്കന്റായിരുന്ന(എം.ബി.പി.എസ്) ഇന്ത്യയിലെ മൊബൈല്‍ ഡാറ്റ ഡൗണ്‍ലോഡ് വേഗം കഴിഞ്ഞ ഫെബ്രുവരിയില്‍ 9.01ലേക്ക് ഉയര്‍ന്നെങ്കിലും ലോക റാങ്കിങ്ങില്‍ മാറ്റം വന്നില്ല. നോര്‍വെയാണ് അതിവേഗ ഡൗണ്‍ലോഡില്‍ ഏറ്റവും മുന്നില്‍. 62.07 എം.ബി.പി.എസ് ആണ് വേഗത. അതേസമയം, സ്ഥിരം ഡാറ്റ കണക്ഷനില്‍ ഇന്ത്യ 76ല്‍നിന്ന് 67ലേക്ക് നില മെച്ചപ്പെടുത്തിയതായും ഇന്റര്‍നെറ്റ് വേഗം കണക്കാക്കുന്നതില്‍ ലോകത്തെ മുന്‍നിര സ്ഥാപനമായ 'ഊക്‌ല'പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
അമേരിക്കയിലെ സിയാറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സേവന സ്ഥാപനമാണ് 'ഊക്‌ല'. 150 കോടി ജിഗാബൈറ്റാണ് രാജ്യത്തിന്റെ ഡാറ്റ ഉപഭോഗമെന്നും അമേരിക്കയുടെയും ചൈനയുടെയും സംയുക്ത ഡാറ്റ ഉപയോഗത്തേക്കാള്‍ കൂടുതലാണ് ഇതെന്നും നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് കഴിഞ്ഞ ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ സ്ഥിരം കണക്ഷനുകളുടെ വേഗത 18.82ല്‍ നിന്ന് 20.72ലേക്കാണ് വര്‍ധിച്ചത്. സിങ്കപ്പൂരാണ് ഈ ഗണത്തില്‍ മുന്നില്‍. 161.53 എം.ബി.പി.എസ് ആണ് വേഗത.പതിവായി ഡാറ്റ ഉപയോഗിക്കുന്നവരില്‍നിന്ന് നേരിട്ട് വിവരം ശേഖരിച്ചാണ് വേഗത പരിശോധിച്ചതെന്നും രാജ്യത്ത് ഇന്റര്‍നെറ്റ് വേഗം പരിശോധിക്കാന്‍ 439 സെര്‍വറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഊക്‌ല അറിയിച്ചു.
https://www.facebook.com/Malayalivartha

























