കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണം ; മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് നിതിന്‍ ഗഡ്കരിയുടെ ഓഫിസിലാണ് കൂടിക്കാഴ്ച.
കീഴാറ്റൂരില്‍ മേല്‍പ്പാലം നിര്‍മിക്കാനുള്ള സംസ്ഥാനത്തിന്റെ താല്‍പര്യവും മറ്റ് ചില ബദല്‍മാര്‍ഗങ്ങളും മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിക്കും. കീഴാറ്റൂരില്‍ മേല്‍പ്പാല മാതൃകയില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനുള്ള സന്നദ്ധത പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിതിന്‍ ഗഡ്കരിയെയും ദേശീയപാത അതോറിറ്റിയെയും അറിയിച്ചിരുന്നു.
വയല്‍ നികത്തിയുള്ള ഹൈവേ നിര്‍മാണത്തിനെതിരെ ജനങ്ങള്‍ സമരം ശക്തമാക്കിയതോടെയാണ് മേല്‍പ്പാല ഹൈവേ നിര്‍മാണത്തിന്റെ സാധ്യതകള്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്നത്. മേല്‍പ്പാല ഹൈവേ നിര്‍മാണത്തിന്റെ സാധ്യതകള്‍ തേടി കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിതിന്‍ ഗഡ്കരിക്കും ദേശീയ പാതാ അതോറിറ്റി ചെയര്‍മാനും കത്ത് നല്‍കിയിരുന്നു.
കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മാണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്. വയല്‍ക്കിളികളുടെ ബഹുജന മാര്‍ച്ചിന് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചത്. രാഷ്ട്രീയ, സമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha

























