അമ്മച്ചി ഒന്ന് ചുരുക്കിയതാ... ബോംബെ ‘ബോംബിൽ പെട്ടുപോയി...

ബുധനാഴ്ച രാവിലെ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരിലൊരാളുടെ ബാഗ് കണ്ട അധികൃതര്‍ ശരിക്കുമൊന്ന് ഞെട്ടിവിറച്ചു. ‘ബോംബ് റ്റു ബ്രിസ്‌ബെയ്ന്‍’ എന്നായിരുന്നു അതില്‍ എഴുതിവെച്ചിരുന്നത്. വിമാനത്താവളത്തില്‍ ബോംബുണ്ടെന്ന വാര്‍ത്ത ഉടനെ അവിടെ പരന്നു. പോലീസും ബോംബ് സ്‌ക്വാഡും എല്ലാം ഉടനെ സ്ഥലത്തെത്തുകയും ചെയ്തു.
എന്നാല്‍ പരിശോധനയില്‍ ബാഗില്‍ അപകടകരമായ ഒന്നും കണ്ടെത്താനായില്ല. ബാഗിന്റെ ഉടമയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം എന്താണെന്നു വ്യക്തമായത്. ‘ബോംബെ റ്റു ബ്രിസ്‌ബെയ്ന്‍’ എന്നെഴുതിയപ്പോള്‍ അക്ഷരത്തെറ്റ് സംഭവിച്ച് ബോംബെ ‘ബോംബ്’ ആയി മാറുകയായിരുന്നു. മുംബൈ സ്വദേശിനിയായ വെങ്കട ലക്ഷ്മിയാണ് ഒരു അക്ഷരത്തെറ്റിന്റെ പേരില്‍ പുലിവാല് പിടിച്ചത്.
പത്തു വര്‍ഷമായി ബ്രിസ്‌ബെയിനില്‍ സ്ഥിര താമസമാക്കിയ മകള്‍ ദേവി ജൊതിരാജിനൊപ്പം തന്റെ ജന്മദിനം ആഘോഷിക്കാനാണ് ലക്ഷ്മി ബ്രിസ്‌ബെയിനിലെത്തിയത്. അമ്മയെ സ്വീകരിക്കുവാന്‍ ദേവി വിമാനത്താവളത്തില്‍ കാത്തിരിപ്പുണ്ടായിരുന്നു. ആള്‍ക്കാരെല്ലാം പരിഭ്രാന്തരായിരുന്നുവെന്നും ഒടുവില്‍ താന്‍ എല്ലാവരെയും സത്യാവസ്ഥ പറഞ്ഞു മനസ്സിലാക്കിയെന്നും ദേവി പറഞ്ഞു.
ബോംബ് എന്നെഴുതിയതിന്റെ താഴെ മുംബൈ എന്നും ലക്ഷ്മി എഴുതിയിരുന്നു. വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് ലക്ഷ്മിയുടെ ബാഗില്‍ ബോംബ് എന്നെഴുതിയത് കണ്ടതിനെ തുടര്‍ന്ന് അധികൃതരെയും പോലീസിനെയും വിവരമറിയിച്ചത്. ലക്ഷ്മിക്കു പറ്റിയ ചെറിയൊരു അക്ഷരത്തെറ്റാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ഉടന്‍ തന്നെ അവരെ മകളോടൊപ്പം വിട്ടയച്ചു. മുംബൈ വിമാനത്താവളത്തില്‍ വെച്ച് ഇതാരും ശ്രദ്ധിച്ചിരുന്നില്ലെന്ന് വെങ്കട ലക്ഷ്മി പറഞ്ഞു
https://www.facebook.com/Malayalivartha






















