സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മൂന്നു പേര്‍കൂടി അറസ്റ്റില്‍

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍കൂടി അറസ്റ്റില്‍. ഹിമാചല്‍ പ്രദേശ് ഉനയിലുള്ള സ്വകാര്യ സ്കൂളിലെ പരീക്ഷാ സെന്റര്‍ സുപ്രണ്ടന്റ്, ക്ലര്‍ക്ക്, പ്യൂണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഹിമാചല്‍ പ്രദേശില്‍നിന്നാണ് ഇവരെ പിടികൂടിയതെന്നു പോലീസ് അറിയിച്ചു.
ചോദ്യപേപ്പറിന്റെ കൈയെഴുത്തു പ്രതിയാണ് ചോര്‍ന്നതെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പരീക്ഷയുടെ ചോദ്യങ്ങള്‍ വിദ്യാര്‍ഥിയെ ഉപയോഗിച്ച് വെള്ളപേപ്പറിലേക്കു പകര്‍ത്തുകയും ക്ലര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. അറസ്റ്റിലായ മൂന്നുപേരെയും ചോദ്യംചെയ്യലിനായി ഡല്‍ഹിയില്‍ എത്തിക്കും.
ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സിബിഎസ്ഇ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മാര്‍ച്ച് 28നു നടത്തിയ പത്താം ക്ലാസ് കണക്ക് പരീക്ഷയുടെയും 12-ാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണു ചോര്‍ന്നത്.
https://www.facebook.com/Malayalivartha






















