ഡിണ്ടുഗല്‍ അപകടത്തില്‍ അത്യാസന്ന നിലയിലായിരുന്ന ഫായിസും വിധിക്ക് കീഴടങ്ങി..

കഴിഞ്ഞദിവസം ഡിണ്ടുഗല്‍ അപകടത്തില്‍ അത്യാസന്ന നിലയില്‍ മധുരയിലെ ഗവ. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാഴയൂര്‍ അഴിഞ്ഞിലം കളത്തില്‍തൊടി അബ്ദുല്‍ റഷീദിന്റെ മകന്‍ ഫായിസ് (12) മരിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയിലാണ് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. അബ്ദുല്‍ റഷീദ്(42), ഭാര്യ റസീന (35), മക്കളായ ലാമിയ (13), ബാസില്‍ (12) എന്നിവര്‍ അപകടദിവസം തന്നെ മരണപ്പെട്ടിരുന്നു. അത്യാസന്നനിലയിലായിരുന്ന ഫായിസ് അടിയന്തരശസ്ത്രക്രിയക്ക് വിധേയനായെങ്കിലും രക്ഷിക്കാനായില്ല.
ചെന്നൈയില്‍ ജോലി ചെയ്യുന്ന പിതാവിനൊപ്പം കൊടൈക്കനാലില്‍ വിനോദയാത്ര പോയി തിരിച്ച് വരുമ്പോഴാണ് അപകടം. സന്തോഷത്തോടെ പോയ ആ യാത്ര അന്ത്യയാത്രയാകുമെന്ന് ഒരിക്കലും അവര്‍ കരുതിയില്ല. അഞ്ചംഗ കുടുംബത്തില്‍ ഫായിസ് മാത്രമാണ് ബാക്കിയായിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാത്രിയാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ അഴിഞ്ഞിലം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്. ബാസിലിന്റെ ഇരട്ട സഹോദരനാണ് ഫായിസ്. കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബുധനാഴ്ച വൈകീട്ടോടെ നാട്ടിലെത്തിക്കും.
https://www.facebook.com/Malayalivartha























