ഇന്ന് തൊഴിലാളി ദിനം... എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം, ലോകമെങ്ങും തൊഴിലാളി ദിനം ആചരിക്കുന്നതിന്റെ തിരക്കില്‍

ഇന്ന് ലോക തൊഴിലാളി ദിനം. തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് മേയ് ദിനം ലോകമെങ്ങും ആചരിക്കുന്നത്. 20 മണിക്കൂര്‍ വരെ ജോലിയും തുച്ഛമായ വേതനവുമുള്ള ദുരിതജീവിതത്തില്‍ നിന്ന് കരകയറാന്‍ അവര്‍ സംഘടിച്ചു. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യം ഉയര്‍ത്തി.
1886 ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഹേയ് മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നു കരുതപ്പെടുന്നു. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേര്‍ക്ക് പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേമാര്‍ക്കറ്റ് കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരജ്ഞാതന്‍ ബോംബെറിയുകയും, ഇതിനു ശേഷം പോലീസ് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ആയിരുന്നു.
1904 ല്‍ ആംസ്റ്റര്‍ഡാമില്‍ വെച്ചു നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്, എട്ടുമണിക്കൂര്‍ ജോലിസമയമാക്കിയതിന്റെ വാര്‍ഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാന്‍ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികള്‍ മെയ് ഒന്നിന് ജോലികള്‍ നിറുത്തിവെക്കണമെന്നുള്ള പ്രമേയം യോഗം പാസ്സാക്കി.
ന്യായമായ വേതനം ഉറപ്പാക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും ഒന്നിച്ച് മുന്നോട്ട് എന്ന മുദ്രാവാക്യം ഇപ്പോഴും മുഴങ്ങുന്നു. സെപ്തംബര്‍ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് കാനഡയില്‍ ഔദ്യോഗികമായി തൊഴിലാളി ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിരുന്നാലും സര്‍വ്വരാജ്യ തൊഴിലാളി ദിന കാനഡയില്‍ ആഘോഷിക്കാറുണ്ട്, പക്ഷേ പൊതു അവധി പ്രഖ്യാപിച്ചിട്ടില്ല എന്നു മാത്രം.
https://www.facebook.com/Malayalivartha

























