"മോദിനോമിക്സി'ന്റെ അടിസ്ഥാനതത്വം ജനങ്ങളെ കബളിപ്പിക്കല്‍; ഇന്ധനവില വര്‍ധിപ്പിച്ചതിനെ പരിഹസിച്ച് രാഹുല്‍

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ധനവില നാലു വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണെന്നും പരമാവധി ജനങ്ങളെ കഴിയുന്നത്ര കാലത്തേക്കു കബളിപ്പിക്കുക എന്നതാണ് മോദിയുടെ സാന്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ തിങ്കളാഴ്ച മുതല്‍ എണ്ണക്കന്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ച് തുടങ്ങിയിരുന്നു. പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസലിന് ലിറ്ററിന് 23 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 78.78 രൂപയും ഡീസലിന് 71.75 രൂപയുമായി.
തെരഞ്ഞെടുപ്പിലെ ജനരോഷം ഭയന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ കഴിഞ്ഞ 19 ദിവസമായി വില മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു. ഈ വിലയാണ് തിങ്കള്‍ മുതല്‍ വര്‍ധിച്ചത്.
https://www.facebook.com/Malayalivartha
























