കർണാടക നിയമസഭയിലെ പ്രോടേം സ്പീക്കര് നിയമനം; കോണ്ഗ്രസ്-ജെഡിഎസ് ഹര്ജി ഇന്ന് കോടതി പരിഗണിക്കും

കര്ണാടക നിയമസഭയിലെ പ്രോടേം സ്പീക്കറായി ബൊപ്പയ്യയെ നിയമിച്ചതിനെതിരെ കോണ്ഗ്രസും ജെഡിഎസും നല്കിയ ഹര്ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. രാവിലെ 10.30 ന് ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്. കര്ണാടക നിയമസഭയില് ഇന്ന് നടക്കുന്ന വിശ്വാസ പ്രമേയ വോട്ടെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും വീഡിയോയില് ചിത്രീകരിക്കാന് നിര്ദേശിക്കണം എന്നും കോണ്ഗ്രസും ജെഡിഎസും ഇന്ന് സുപ്രിം കോടതിയില് ആവശ്യപ്പെടും.
കര്ണാടക നിയമസഭയില് ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കേണ്ടത് വൈകിട്ട് 4 മണിക്കാണ്. അതിന് മുൻപ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം എല് എ മാരുടെ സത്യപ്രതിജ്ഞ നടക്കണം. പ്രോടേം സ്പീക്കറുടെ മുൻപാകെയാണ് സത്യപ്രതിജ്ഞ നടക്കേണ്ടത്. പ്രോടേം സ്പീക്കറായി സര്ക്കാരിന്റെ ശുപാര്ശ പ്രകാരം ഗവര്ണര് നിയോഗിച്ചത് ബൊപ്പയ്യയെ.
എന്നാല് ബൊപ്പയ്യയ പ്രോടേം സ്പീക്കര് ആയി തുടരുമോ എന്ന് ഇന്ന് രാവിലെ 10 .30 ന് സുപ്രിം കോടതിയില് നടക്കുന്ന വാദത്തിന് ഒടുവില് മാത്രമേ വ്യക്തമാകുകയുള്ളു. ബൊപ്പയ്യയെ പ്രോടേം സ്പീക്കര് ആയി നിയമിച്ച ഗവര്ണറുടെ നടപടി ചോദ്യം ചെയ്ത് കോണ്ഗ്രസും ജെ ഡി എസും സുപ്രീം കോടതിയെ സമീപിച്ചത് ഇന്നലെ രാത്രിയാണ്. അടിയന്തരമായി വാദം കേള്ക്കണം എന്ന ആവശ്യം കോടതി രാത്രി വൈകി അംഗീകരിച്ചു.
https://www.facebook.com/Malayalivartha

























