ഡല്‍ഹിയിൽ നിന്നും വിശാഖപട്ടണത്തേക്ക് പോകുകയായിരുന്ന ആന്ധ്രാപ്രദേശ് എക്‌സ്‌പ്രസിന്റെ എ.സി കോച്ചുകള്‍ക്ക് തീപിടിച്ചു ; വൈദ്യുതി ലൈന്‍ പൊട്ടിവീണതാകാം അപകടകാരണമെന്ന് അധികൃതർ ;ആളപായമില്ല

ഡല്‍ഹിയില്‍ നിന്നും വിശാഖപട്ടണത്തേക്ക് പോകുകയായിരുന്ന ആന്ധ്രാപ്രദേശ് എക്‌സ്‌പ്രസിന്റെ രണ്ട് എ.സി കോച്ചുകള്‍ക്ക് തീപിടിച്ചു. ഗ്വാളിയോറിനടുത്ത് ബിര്‍ല നഗറില്‍ തിങ്കളാഴ്ച രാവിലെ 12 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആളപായമില്ലെന്നും യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു.
ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്നും വിശാഖപട്ടണത്തേക്ക് പോകുകയായിരുന്നു ട്രെയിനാണ് അഗ്നിക്കിരയായത്. വൈദ്യുതി ലൈന്‍ ട്രെയിനിനുമേല്‍ പൊട്ടിവീണതാകാം അപകട കാരണമെന്ന് കരുതുന്നു. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ബി 6, ബി 7 കോച്ചുകള്‍ക്കാണ് തീപ്പിടിച്ചതെന്ന് റെയില്‍വെ പി.ആര്‍.ഒ മനോജ് കുമാര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തീപിടിച്ചതിനെ തുടര്‍ന്ന് ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം തീപിടിച്ച കോച്ചുകള്‍ ഒഴിവാക്കി യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി ട്രെയിന്‍ ഗ്വാളിയോറില്‍ നിന്നും യാത്ര പുറപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഡല്‍ഹി -ഗ്വാളിയോര്‍ റൂട്ടിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























