സുഷമാ സ്വരാജിന്റെ വിദേശ യാത്രയില്‍ വന്‍ സുരക്ഷാ വീഴ്ച ; ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രാമദ്ധ്യേവിമാനത്തിന്റെ റഡാര്‍ ബന്ധം നഷ്ടപ്പെട്ടു

കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ വിദേശ യാത്രയില്‍ വന്‍ സുരക്ഷാ വീഴ്ച. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രാമദ്ധ്യേ മൗറിഷ്യസില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് മന്ത്രിയുടെ വിമാനത്തിന്റെ റഡാര്‍ ബന്ധം നഷ്ടപ്പെട്ടു. കേന്ദ്രമന്ത്രി സഞ്ചരിച്ചിരുന്ന എംബ്രെയര്‍ 135 വിമാനം 12-14 മിനിറ്റ് നേരം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതായി മൗറീഷ്യന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അധികൃതര്‍ അറിയിച്ചു.
മൗറിഷ്യസിന്റെ എയര്‍ സ്‌പേസില്‍ പ്രവേശിച്ച ഉടനാണ് റഡാര്‍ ബന്ധം നഷ്ടപ്പെട്ടത്. സംഭവം എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സ്ഥിരീകരിച്ചിട്ടുണ്ട്. റഡാര്‍ ബന്ധം നഷ്ടപ്പെട്ടത് സ്ഥിരീകരിച്ച ഉടന്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച മൗറിഷ്യസ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അധികൃതര്‍ ഉടന്‍ ചെന്നൈ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ടു. വിമാനത്തിന്റെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒടുവില്‍ ലഭ്യമായത് ചെന്നൈയിലാണ്.
കേന്ദ്രമന്ത്രിയുടെ വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് തിരുവനന്തപുരം മൗറിഷ്യസ്-ദക്ഷിണാഫ്രിക്ക എന്നിങ്ങനെയാണ് യാത്ര തീരുമാനിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം നാല് മണിക്കാണ് വിമാനം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ഉടന്‍ തന്നെ ഈ വിവരം ചെന്നൈ എ.ടി.സിക്ക് കൈമാറി. വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി 4.44ന് സന്ദേശം എത്തി. എന്നാല്‍ 4.58ന് പൈലറ്റുമാര്‍ എ.ടി.സിയുമായി ബന്ധപ്പെട്ടു. ഇതോടെയാണ് ആശങ്ക ഒഴിഞ്ഞത്.
https://www.facebook.com/Malayalivartha

























