ലോക പരിസ്ഥിതി ദിനത്തില്‍ പുതിയ തീരുമാനവുമായി തമിഴ്‌നാട് സര്‍ക്കാര്‍, ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം

ലോക പരിസ്ഥിതി ദിനത്തില്‍ സുപ്രധാന തീരുമാനവുമായി തമിഴ്‌നാട് സര്‍ക്കാര്‍. 2019 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് ചിലയിനം പ്ലാസ്റ്റിക് സാധനങ്ങളുടെ ഉത്പാദനവും ഉപയോഗവും സര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍ പാല്‍, തൈര്, എണ്ണ, മരുന്ന് എന്നിവയുടെ പായ്ക്കിംഗിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന് നിയമസഭയില്‍ നടത്തിയത്. നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ ജനങ്ങളും വ്യാപാരികളും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഉപയോഗശേഷം പ്ലാസ്റ്റിക് അശ്രദ്ധമായി വലിച്ചെറിയുന്നത് പരിസ്ഥിതി മലിനീകരണത്തിനും ഭൂഗര്‍ഭ ജലം മലിനമാകുന്നതിനും ഇടയാക്കുന്നു.
മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നതിനെയും പ്ലാസ്റ്റിക് തടയുന്നു. വെള്ളം കെട്ടിക്കിടന്ന് മലേറിയ, ഡെങ്കി പോലെയുള്ള മാരക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനും ഇത് ഇടയാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത തലമുറയ്ക്ക് മാലിന്യ രഹിത പരിസ്ഥിതി ഉറപ്പാക്കുന്നതിന് ജനുവരി ഒന്നു മുതല്‍ ഇത്തരം പ്ലാസ്റ്റിക് സാധനങ്ങളുടെ നിര്‍മ്മാണവും ഉപയോഗവും നിരോധിക്കുകയാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി
https://www.facebook.com/Malayalivartha


























