വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍

ഇടപ്പള്ളിയിലും പാലാരിവട്ടത്തുമായി പ്രവര്‍ത്തിക്കുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ്', 'ആംസ്റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസ്' എന്നീ സ്ഥാപനങ്ങളുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റില്‍. പാര്‍വതി മായ ഷാജിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായത്. പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലാണ് നടപടി. അര്‍മീനിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. പാര്‍വതി വിദേശത്തു നിന്ന് എത്തിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ യുവാവിന് അര്‍മേനിയയില്‍ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തതാണ് ആദ്യ കേസ്. പണം നഷ്ടപ്പെട്ട യുവാവിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പാലാരിവട്ടം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം 2023 ഡിസംബറില്‍ തുക കൈപ്പറ്റിയ ശേഷം ജോലിയോ പണമോ നല്‍കിയില്ലെന്ന് മാത്രമല്ല, തുക തിരികെ ചോദിച്ച പരാതിക്കാരിയെ സമൂഹമാധ്യമങ്ങള്‍ വഴി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ആംസ്റ്റര്‍ ഓവര്‍സീസ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം, പാര്‍വതി മായ ഷാജി, ഭര്‍ത്താവ് അനീഷ് മേനോന്‍, മാനേജര്‍മാരായ അഭിജിത്ത്, അജു കെ.മാത്യു, വിഷ്ണു വിജയന്‍, ഷാജി എന്നീ ഏഴു പേര്‍ക്കെതിരെയാണ് ബിഎന്‍എസ് വകുപ്പുകളും എമിഗ്രേഷന്‍ ആക്ടും പ്രകാരം കേസെടുത്തിട്ടുള്ളത്.
പോളണ്ടിലെ വെയര്‍ഹൗസില്‍ ജോലി വാഗ്ദാനം ചെയ്ത് കുന്നത്തുനാട് തിരുവാണിയൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് 6.06 ലക്ഷം രൂപ തട്ടിയെടുത്തതാണ് രണ്ടാമത്തെ കേസ്. 2023 ജൂലൈ മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവില്‍ വിവിധ ഘട്ടങ്ങളിലായി 4.96 ലക്ഷം രൂപയും വിമാന ടിക്കറ്റിനായി 1.10 ലക്ഷം രൂപയും കൈപ്പറ്റിയ ശേഷം പോളണ്ടില്‍ ജോലി നല്‍കാതെ പരാതിക്കാരനെ സെര്‍ബിയയിലേക്ക് അയച്ച് ചതിക്കുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.
പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ പാര്‍വതി അനീഷ് (പാര്‍വ്വതി മായ ഷാജി), ജനറല്‍ മാനേജര്‍ അജു കെ.മാത്യു, കോഓര്‍ഡിനേറ്റര്‍ അഭിജിത്ത് എസ്.നായര്‍, പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന ആംസ്റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസ് എന്ന സ്ഥാപനം എന്നിവര്‍ക്കെതിരെ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ചുമത്തിയത്. ഇരു കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























