സൗദിയില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ റദ്ദാക്കി

ശ്രീലങ്കന് സര്ക്കാരിന്റെ ഇടപെടലിനെ തുടര്ന്ന് യുവാവിന്റെ വധശിക്ഷ സൗദി അറേബ്യന് സുപ്രീംകോടതി റദ്ദാക്കി. ഫേസ്ബുക്കില് അധിക്ഷേപ കമന്റിട്ടതിനെ തുടര്ന്നാണ് യുവാവ് സൗദിയില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. കിഴക്കന് ശ്രീലങ്കയിലെ അമ്പാറ ജില്ലയിലെ കല്മുനൈ സ്വദേശിയായ അനോജന് ശിവരാസ എന്ന യുവാവാണ് തലനാരിഴക്ക് തൂക്കുകയറില് നിന്ന് രക്ഷപ്പെട്ടത്.
ഇസ്ലാമിനും പ്രവാചകന് മുഹമ്മദ് നബിക്കും എതിരായ പരാമര്ശത്തിന്റെ പേരില് 27 കാരനായ അനോജന് ശിവരസയെ സെപ്തംബറിലാണ് ഈസ്റ്റേണ് റീജിയന് അപ്പീല് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കതര്ഗാമ ക്ഷേത്രത്തിലേക്ക് തീര്ത്ഥാടനം നടത്തിയ ഒരു സംഘം ഹിന്ദു ഭക്തരെ അനുഗമിച്ച സുബ്രഹ്മണ്യം എന്ന നായയെ ഒരു മുസ്ലീം യുവാവ് തൊഴിക്കുന്നതിന്റെ ദൃശ്യം കഴിഞ്ഞ ജൂണില് ശ്രീലങ്കന് സോഷ്യല് മീഡിയയില് പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സൈബര് തര്ക്കമാണ് കേസിന്റെ തുടക്കം.
കമന്റ് ബോക്സിലെ തര്ക്കത്തിനിടെ ഒരാള് ഹിന്ദു ദൈവത്തെ അധിക്ഷേപിച്ചപ്പോള് പ്രവാചകന് മുഹമ്മദ് നബിയെയും മുസ്ലീംസമുദായത്തെയും അപമാനിക്കുന്ന തരത്തില് ശിവരാസ കമന്റിടുകയായിരുന്നു. പിന്നീട് മിനിറ്റുകള്ക്കകം കമന്റ് ഡിലീറ്റ് ചെയ്ത് പരസ്യമായി മാപ്പുപറയുകയും ചെയ്തിരുന്നു. എന്നാല് ഇതിന്റെ സ്ക്രീന്ഷോട്ടുകള് സോഷ്യല് മീഡിയയില് വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇത് പിന്നീട് ശിവരാസ ജോലി ചെയ്യുന്ന സൗദി കമ്പനി അധികൃതരുടെയും പൊലീസിന്റെയും പക്കല് എത്തുകയായിരുന്നു.
ലീവ് കഴിഞ്ഞ് 2025 സെപ്തംബറില് സൗദിയിലെത്തിയ ശിവരാസയെ ജൂലായില് പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. തുടര്ന്ന് അഞ്ചുവര്ഷത്തെ തടവുശിക്ഷ വിധിച്ചു. എന്നാല് കേസ് വഷളയാതോടെയാണ് ഇക്കഴിഞ്ഞ സെപ്തംബര് 17ന് ഈസ്റ്റേണ് റീജിയന് അപ്പീല് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതറിഞ്ഞ ശിവരാസയുടെ കുടുംബം ശ്രീലങ്കന് സര്ക്കാരിനെ സമീപിച്ച് സഹായം ആവശ്യപ്പെട്ടു. തുടര്ന്ന് ശ്രീലങ്കന് സര്ക്കാര് നടത്തിയ ഇടപെടലിലാണ് ശിവരാസയുടെ വധശിക്ഷ സൗദി അറേബ്യന് സുപ്രീംകോടതി റദ്ദാക്കിയത്.
https://www.facebook.com/Malayalivartha


























