ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 400ലധികം പോയിന്റ് താഴ്ന്ന നിലയിൽ

ഓഹരി വിപണിയിൽ കനത്ത ഇടിവ്. ഈ വാരത്തിന്റെ തുടക്കമായ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ സെൻസെക്‌സ് 400ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 23,050 എന്ന സൈക്കോളജിക്കൽ ലെവലിന് അരികിലേക്കാണ് താഴ്ന്നത്. ബാങ്ക് ഓഹരികളിൽ ഉണ്ടായ ഇടിവ് ആണ് വിപണിയിൽ പ്രതിഫലിച്ചത്.
എച്ച്ഡിഎഫ്‌സി ബാങ്ക് മാത്രം രണ്ടുശതമാനമാണ് താഴ്ന്നത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നെറ്റ് ഇന്ററെസ്റ്റ് മാർജിനിലെ സമ്മർദ്ദവുമായി ബന്ധപ്പെട്ട ആശങ്കകളും വരുമാന വളർച്ചയിലെ മന്ദതയുമാണ് വിപണി വികാരത്തെ പ്രതികൂലമായി ബാധിച്ചത്. ബാങ്ക് നിഫ്റ്റി 0.5 ശതമാനമാണ് താഴ്ന്നത്.
ആഗോള വിപണിയിൽ നിന്നുള്ള പ്രതികൂലമായ സൂചനകളും ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിക്ഷേപങ്ങൾക്കായി വലിയ തോതിൽ ഫണ്ട് വേണ്ടി വരുമെന്ന ആശങ്ക ആഗോള വിപണിയിൽ ടെക് ഓഹരികളെ ബാധിക്കുന്നുണ്ട്. ഇതാണ് പ്രധാനമായി ഏഷ്യൻ വിപണിയെ അടക്കം ബാധിച്ചത്.
എണ്ണവില കാര്യമായി കുറയാതെ ഉയർന്നുതന്നെ നിൽക്കുന്നതും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് വില ബാരലിന് 107 ഡോളറിന് മുകളിൽ തന്നെയാണ്. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 9 പൈസയുടെ വർധനയാണ് ഉണ്ടായത്. 94.80ലേക്കാണ് രൂപ ഉയർന്നത്. റിസർവ് ബാങ്കിന്റെ ഇടപെടലാണ് രൂപയ്ക്ക് കരുത്തേകിയത്.
"
https://www.facebook.com/Malayalivartha


























