യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...

മാനവിക-ഭാഷാ വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെയുള്ള (ജെആർഎഫ്) ഗവേഷണ പഠനം, അസിസ്റ്റന്റ് പ്രൊഫസർ നിയമനം, പി.എച്ച്.ഡി പ്രവേശനം എന്നിവയ്ക്കുള്ള ദേശീയ യോഗ്യതാ നിർണ്ണയ പരീക്ഷയായ യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കാണ് പരീക്ഷാ നടത്തിപ്പ് ചുമതല. 87 മാനവിക-ഭാഷാ വിഷയങ്ങളിലാണ് ഇത്തവണ പരീക്ഷ നടക്കുന്നത്.
പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 28 വരെ സാധാരണ ഫീസ് നൽകി അപേക്ഷിക്കാം. 500 രൂപ ലേറ്റ് ഫീയോടെ ഒക്ടോബർ 31 വരെയും അപേക്ഷ സ്വീകരിക്കും.
വിദ്യാഭ്യാസ യോഗ്യതകൾ
മാസ്റ്റേഴ്സ് ബിരുദം: ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദം വിജയിച്ചിരിക്കണം.
മാർക്കിളവ്: ഒ.ബി.സി (നോൺ ക്രീമിലെയർ), പട്ടികജാതി/പട്ടികവർഗ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം മാർക്ക് മതിയാകും. അവസാന വർഷ വിദ്യാർഥികൾക്ക് അവസരം: മാസ്റ്റേഴ്സ് ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും അവസാന വർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാൻ അർഹതയുണ്ട്.
നാല് വർഷ ബാച്ചിലേഴ്സ് ബിരുദം: നാല് വർഷത്തെ (എട്ട് സെമസ്റ്റർ) ബിരുദ കോഴ്സുകൾ കുറഞ്ഞത് 75 ശതമാനം മാർക്കോടെയോ തത്തുല്യ ഗ്രേഡോടെയോ പാസായവർക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ബി.സി-എൻ.സി.എൽ, ഭിന്നശേഷി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് ഇതിൽ 5 ശതമാനം മാർക്കിളവ് (കുറഞ്ഞത് 70 ശതമാനം മാർക്ക്) ലഭിക്കും.
https://www.facebook.com/Malayalivartha



























