പ്രണവ് മോഹന്‍ലാലിന്റെ രണ്ടാം ചിത്രം പ്രഖ്യാപിച്ചു ; രാജകുമാരന്റെ രണ്ടാം വരവ് സൂപ്പർ ഹിറ്റ് സംവിധായകനും നിര്‍മ്മാതാവിനുമൊപ്പം
കാത്തിരിപ്പിന് വിരാമമിട്ട് പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ആര്‍ക്കൊപ്പമാണെന്നോ, ഏതു ഭാഷയിലാണെന്നോ ഉള്ള യാതൊരു സൂചനകളുമില്ലായിരുന്നു. ജീത്തു ജോസഫിനൊപ്പമാകുമെന്നായിരുന്നു സംശയം. എന്നാല്‍ രാമലീല സംവിധായകന് അരുണ്‍ ഗോപിക്കൊപ്പമാണ് അടുത്ത ചിത്രമെന്ന് സ്ഥിതീകരിച്ചു. അരുണ്‍ ഗോപിയുടെയും രണ്ടാമത്തെ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നതും അരുണ്‍ ഗോപി തന്നെയാണ്.
അരുണ്‍ ഗോപി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തേ അന്‍വര്‍ റഷീദിന്റെ നിര്‍മ്മാണത്തില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് നായകനാകുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ അരുണ്‍ ഗോപി ചിത്രത്തിന് ശേഷമേ ഇത് ഉണ്ടാകൂ.
രാമയലീല സച്ചിയുടെ തിരക്കഥയില്‍ അരുണ്‍ ഗോപി ഒരുക്കിയ ചിത്രമായിരുന്നു. പ്രണവ് ചിത്രത്തിലെത്തുമ്പോള്‍ അരുണ്‍ ഗോപിയിലെ തിരക്കഥാകൃത്തിനെ കാണാം എന്ന പ്രതീക്ഷയുമുണ്ട്. രാമലീല നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടമാണ് ഇത്തവണയും അരുണ്‍ ഗോപിയുടെ നിര്‍മ്മാതാവാകുന്നത് .മോഹന്‍ലാലിന്റെ എക്കാലത്തെയും പണംവാരി പടം പുലിമുരുകന്റെ നിര്‍മ്മാണവും ടോമിച്ചനായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ജൂണില്‍ ആരംഭിക്കുമെന്ന് ടോമിച്ചന് പറഞ്ഞു.
https://www.facebook.com/Malayalivartha