കിഴക്കേക്കോട്ടയില്‍ ചാനല്‍ ഓഫീസുകളില്‍ തീപിടിത്തം, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം

ജയ് ഹിന്ദ് ചാനലിന്റെയും ഏഷ്യാനെറ്റ് ബ്രോഡ് ബാന്റിന്റെയും ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തം. കിഴക്കേക്കോട്ട കരിമ്പനാല്‍ ആര്‍ക്കേഡ് കെട്ടിട സമുച്ചയത്തിലെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവമുണ്ടായത്.
ഏഷ്യാനെറ്റ് ബ്രോഡ് ബാന്റ് ലിമിറ്റഡിന്റെ ഇന്റര്‍നെറ്റ് സര്‍വീസുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന റൂമിലും ജയ് ഹിന്ദ് ടിവിയിലെ ജീവനക്കാരുടെ ഡൈനിംഗ് റൂമിനുമാണ് തീപിടിച്ചത്. ഏഷ്യാനെറ്രിന്റെ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്നാണ് ആദ്യം പുക ഉയര്‍ന്നത്. പുക കണ്ട ഉടന്‍ സെക്യൂരിറ്റി ജീവനക്കാര്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചു.
ചെങ്കല്‍ചൂള, ചാക്ക എന്നിവിടങ്ങളില്‍ നിന്ന് ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും ബ്രോഡ് ബാന്റ് ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന റൂമില്‍ നിന്ന് തീ തൊട്ടടുത്ത ജയ് ഹിന്ദിന്റെ ഡൈനിംഗ് റൂമിലേക്ക് വ്യാപിച്ചു. ഏഷ്യാനെറ്റ് ബ്രോഡ് ബാന്റ് കമ്പനിയുടെ മുറിയിലുണ്ടായിരുന്ന കമ്പ്യൂട്ടറുകള്‍, യു.പി.എസ് സിസ്റ്റം, ബാറ്ററികള്‍, മോഡം തുടങ്ങി ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ അഗ്‌നിക്കിരയായി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ സുരക്ഷാ മേഖലയിലാണ് തീപിടിത്തമുണ്ടായത്. അതിനാല്‍, ഇതറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീതിയിലായി.
സംഭവസമയത്ത് റൂമില്‍ ജീവനക്കാരാരും ഉണ്ടായിരുന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിന് തൊട്ടടുത്തായാണ് ജയ് ഹിന്ദ് ചാനലിന്റെ ഓഫീസ്. ഓഫീസിലെ ജീവനക്കാര്‍ വിശ്രമിക്കാനും ആഹാരം കഴിക്കാനും ഉപയോഗിച്ചുവന്ന ഹാളിലേക്കാണ് തീ പടര്‍ന്നത്. ഇവിടെയുണ്ടായിരുന്ന ഒരു അലമാരയും ഏതാനും കസേരകളും കത്തിച്ചാമ്പലായി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് ഡിവിഷന്‍ ഓഫീസര്‍ ദിലീപ്, സ്‌റ്റേഷന്‍ ഓഫീസര്‍മാരായ സരേഷ്‌കുമാര്‍, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ അരമണിക്കൂര്‍ പ്രയത്‌നിച്ചാണ് തീകെടുത്തിയത്.
തീപിടിത്തമുണ്ടായാല്‍ കെടുത്താന്‍ കെട്ടിടത്തില്‍ ഫയര്‍ലൈന്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇതില്‍ വെള്ളം ഇല്ലാതിരുന്നതിനാല്‍ തുടക്കത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സെത്തിയപ്പോഴേക്കും തീ ആളിപ്പടരാന്‍ തുടങ്ങിയെങ്കിലും അരമണിക്കൂറിനകം തീ കെടുത്താനായത് വന്‍ ദുരന്തം ഒഴിവാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha
























