8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്കാൻ സ്വന്തം കുടുംബത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചെന്ന ആരോപണം; ഭാര്യ അറസ്റ്റിൽ

ഇടയ്ക്കിടയ്ക്ക് ഭർത്താവിന് അസുഖം വരുന്നു... പിന്നാലെ മകനും അനന്തരവനും ആരോഗ്യപ്രശ്നങ്ങൾ. ആദ്യം ആർക്കും സംശയമൊന്നും തോന്നിയില്ല. എന്നാൽ വിശദമായ മെഡിക്കൽ പരിശോധന നടത്തിയതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരം. ശരീരത്തിൽ മാരകമായ അളവിൽ വിഷാംശം. ഭക്ഷണത്തിൽ വിഷം കലർത്തി സ്വന്തം ഭർത്താവിനെയും മകനെയും അനന്തരവനെയും പതുക്കെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഭാര്യ അറസ്റ്റിലായിരിക്കുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് നാടിനെ ഞെട്ടിച്ച സംഭവം.
വസുന്ധര സ്വദേശിയായ സുശീൽ കുമാർ ഭട്നാഗറാണ് ഈ ക്രൂരമായ നീക്കത്തിന്റെ ഇരയായത്. ഇയാൾക്ക് സ്വന്തമായി ട്രാവൽ ഏജൻസി ബിസിനസ്സുണ്ട്. കുറച്ചുകാലമായി സുശീലിന് ഇടയ്ക്കിടെ അസുഖം പിടിപെടാൻ തുടങ്ങി. എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് തോന്നിയതോടെ വിശദമായ ആരോഗ്യപരിശോധനയ്ക്ക് വിധേയനായി. പരിശോധനാഫലം വന്നപ്പോൾ ഡോക്ടർമാർ കണ്ടെത്തിയത് ശരീരത്തിൽ അപകടകരമായ അളവിൽ ഈയത്തിന്റെ സാന്നിധ്യം.
സുശീലിന്റെ മകനും അനന്തരവനും സമാനമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതോടെ സംശയം കൂടുതൽ ശക്തമായി. ഭക്ഷണത്തിലൂടെ ആരോ വിഷം നൽകുന്നുണ്ടെന്ന നിഗമനത്തിലെത്തിയ സുശീൽ പൊലീസിനെ സമീപിച്ചു. ഭാര്യ രേണു ഭട്നാഗറും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് തന്നെയും മകനെയും അനന്തരവനെയും കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്നായിരുന്നു പരാതി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സെപ്റ്റംബർ 24-നാണ് സുശീൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ നവംബർ 23-ന് രേണു ഭട്നാഗറിനെ ഇന്ദിരാപുരം പൊലീസ് അറസ്റ്റ് ചെയ്തു.
ഈ കേസിൽ പുറത്തുവന്ന സാമ്പത്തിക ലക്ഷ്യമാണ് കൂടുതൽ ഞെട്ടിക്കുന്നത്. സുശീലിന്റെ ട്രാവൽ ഏജൻസി ബിസിനസ്സിന് ഏകദേശം അഞ്ചു മുതൽ ആറു കോടി രൂപ വരെ മൂല്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ രണ്ട് കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസിയുമുണ്ട്. ഈ പോളിസിയിൽ നോമിനിയായി ചേർത്തിരിക്കുന്നത് ഭാര്യയെയാണ്.
ഭർത്താവ് മരിച്ചാൽ ബിസിനസ്സും ഇൻഷുറൻസ് തുകയും തനിക്ക് സ്വന്തമാക്കാമെന്ന കണക്കുകൂട്ടലാണ് ഈ ക്രൂരനീക്കത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ചോദ്യം ചെയ്യലിൽ അത്യാഗ്രഹമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് രേണു സമ്മതിച്ചതായും പൊലീസ് പറയുന്നു.
ഭക്ഷണത്തിൽ ഈയം കലർത്തിയാണ് വിഷം നൽകിയതെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം. ഒരാളെ മാത്രം ലക്ഷ്യമിട്ടുള്ള നീക്കമായിരുന്നില്ല ഇതെന്നും സ്വന്തം മകനെയും അനന്തരവനെയും കൂടി അപകടത്തിലാക്കാൻ ശ്രമിച്ചെന്നുമാണ് പരാതി. അതേസമയം, ഈ ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.
സ്വന്തം കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഒരാൾ തന്നെ കുടുംബാംഗങ്ങളുടെ ജീവനെടുക്കാൻ ശ്രമിച്ചെന്ന ആരോപണം വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. എട്ടുകോടിയോളം രൂപയുടെ സ്വത്തിനും ഇൻഷുറൻസ് തുകയ്ക്കും വേണ്ടിയുള്ള അത്യാഗ്രഹം ഒരു കുടുംബത്തെ തന്നെ ഇല്ലാതാക്കുമായിരുന്നുവെന്നതാണ് ഈ സംഭവത്തിന്റെ ഭീതിപ്പെടുത്തുന്ന വശം.
https://www.facebook.com/Malayalivartha

























