ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായ വിതരണം സമയബന്ധിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായ വിതരണം സമയബന്ധിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍മാരോട് നിര്‍ദേശിച്ചു. 100 മണിക്കൂറിനകം അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ സഹായധനം എത്തിക്കാന്‍ കഴിയുംവിധം നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം. എഴുതി ലഭിക്കുന്ന അപേക്ഷകളും ഓണ്‍ലൈനിലേക്ക് മാറ്റണം. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ജില്ലാ കലക്ടര്‍മാരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പരാതി പരിഹാര അദാലത്ത് താലൂക്ക് തലത്തില്‍ നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഓരോ ജില്ലയിലും മാസത്തില്‍ ഒരു താലൂക്കില്‍ അദാലത്ത് നടത്തണം. ഇക്കാര്യം മുന്‍കൂട്ടി പൊതുജനങ്ങളെ അറിയിക്കണം. പരാതി പരിഹരിക്കുന്നതിനുള്ള പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ നല്‍കും.
തണ്ണീര്‍ത്തടനീര്‍ത്തട സംരക്ഷണനിയമം, തീരദേശ പരിപാലന നിയമം എന്നിവ കാരണം തീര്‍പ്പാകാതെ കിടക്കുന്ന ഭവനനിര്‍മാണ അപേക്ഷകളിന്മേല്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ താലൂക്ക് തലത്തില്‍ പ്രത്യേക അദാലത്ത് നടത്തണം. ജനനം രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയ കേസുകളില്‍ പരിഹാരമുണ്ടാക്കാന്‍ പട്ടികജാതി, പട്ടികവര്‍ഗ കോളനികളിലും മത്സ്യത്തൊഴിലാളി കേന്ദ്രങ്ങളിലും അദാലത്ത് നടത്തണം എന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha

























