കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന് ആരോടെങ്കിലും ഏറ്റിട്ടുണ്ടോ ഉമ്മന്‍ചാണ്ടീ, ചെന്നിത്തലേ... രാമചന്ദ്രന്‍ മാസ്റ്ററുടെ കത്ത്

കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ത്ത് തരിപ്പണമാക്കി കൊടുക്കാമോ എന്ന് ആരോടെങ്കിലും ഏറ്റിട്ടുണ്ടോ? ഒത്തുകളിയുടെ കാലമാണല്ലോ ഇത്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ എഴുതിയ കത്തിലെ വരികളാണിത്. നിങ്ങള്‍ രണ്ട് ഗ്രൂപ്പ്മാനേജര്‍മാരും വീതം വെച്ചാണല്ലോ കേരളത്തിലെ പി.സി.സി അംഗങ്ങളെ തീരുമാനിച്ചത്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ നിങ്ങള്‍ തന്നെ അത് തിരുത്തിക്കൊണ്ടിരിക്കുന്നു. തിരുത്തിയ പട്ടികയിലും പരാതി ബാക്കിയാണ്. കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എന്നാല്‍ നിങ്ങള്‍ രണ്ടുപേരുടെയും, കേരള പാര്‍ശ്വവര്‍ത്തി (പെട്ടിതൂക്കി) കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി) എന്നാണോ നിങ്ങള്‍ ധരിച്ചുവച്ചിരിക്കുന്നത്?
നിങ്ങളുടെ രണ്ട് പേരുടെയും സര്‍വ്വാധിപത്യം കൊണ്ട് മാത്രമല്ലേ, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായത്. 2004ല്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയും കെ.പി.സി.സി പ്രസിഡന്റായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയും നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും മുഖ്യമന്ത്രി പദവിയും കെ.പി.സി.സി അധ്യക്ഷപദവിയും കൈമാറുമ്പോള്‍ കോണ്‍ഗ്രസിന് 62 എം.എല്‍.എമാരുണ്ടായിരുന്നു. യു.ഡി.എഫിന് 100 എം.എള്‍.എമാരും. 2016ല്‍ കോണ്‍ഗ്രസിന് 40 സീറ്റ് കുറഞ്ഞ് 22 എം.എല്‍.എമാരായി. നിങ്ങള്‍ രണ്ട് പേരും കേരളത്തിലെ കോണ്‍ഗ്രസിനെ മുച്ചൂടും തകര്‍ത്ത് തരിപ്പണമാക്കിക്കൊടുക്കാമെന്ന് ആരോടെങ്കിലും ഏറ്റിട്ടുണ്ടോ?, ഒത്തുകളിയുടെ കാലമാണല്ലോ ഇത്.

ഈമാസം 26ന് കോഴിക്കോട് നിന്നാണ് കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ ഈ കത്തെഴുതിയത്. സോഷ്യല്‍മീഡിയയില്‍ ഇത് വയറലായി മാറിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha



























