പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവാവ് യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
പട്ടാപ്പകല്‍ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഹൈദരാബാദിലെ ലാലഗുഡ പ്രദേശത്ത് ബുധനാഴ്ച വൈകീട്ടാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ 23 കാരിയെ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
അലൂമിനിയം വാതിലുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയിൽ ജോലി ചെയ്യുന്ന സന്ധ്യാ റാണിയെയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷമായി യുവതിയുടെ പിറകെ പ്രണയാഭ്യര്‍ത്ഥനയുമായി നടക്കുന്ന കാര്‍ത്തിക് എന്നയാളാണ് അക്രമത്തിന് പിന്നില്‍. വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ യുവതിയുടെ അടുത്തെത്തിയ യുവാവ് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തി.
എന്നാല്‍ കാര്‍ത്തികുമായുള്ള പ്രണയബന്ധം തന്റെ കുടുംബം അംഗീകരിക്കില്ലെന്ന് അറിയിച്ചതോടെ ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സന്ധ്യയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് തന്നെയാണ് കാര്‍ത്തിക് വന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
സംഭവം കണ്ട് നിന്ന നാട്ടുകാരാണ് തീ കെടുത്തിയ ശേഷം യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് കാര്‍ത്തികിനെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha