വിവാഹങ്ങളിലെ അനാവശ്യ ചിലവുകളും ആഡംബരങ്ങളും നിയന്ത്രിക്കാന്‍ ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് ബിജെപി എംപി ഗോപാല്‍ ചിന്നയ്യ ഷെട്ടി

വിവാഹങ്ങള്‍ക്ക് ഇനി അനാവശ്യ ചിലവുകളും ആഡംബരങ്ങളും തടയുന്നതിന് പ്രത്യേക നിയമം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി ലോക്സഭയില്‍ സ്വകാര്യബില്‍ അവതരിപ്പിച്ചു. നോര്‍ത്ത് മുബൈയില്‍ നിന്നുള്ള ബിജെപി എംപി ഗോപാല്‍ ചിന്നയ്യ ഷെട്ടിയാണ് ലോക്സഭയില്‍ ആവശ്യമുന്നയിച്ച് സ്വകാര്യ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ആഡംബര വിവാഹം പതിവാകുന്ന സാഹചര്യത്തില്‍ ഇത് തടയാനാണ് തന്റെ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. വിവാഹവും അനുബന്ധ പാര്‍ട്ടികള്‍ക്കുമായി അമിതമായി പണം ചിലവിടുന്നത് തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ബില്ലാണ് അദ്ദേഹം സഭയില്‍ അവതരിപ്പിച്ചത്. ചിലര്‍ ലക്ഷങ്ങളും കോടികളും മുടക്കി വിവാഹം ഉത്സവമാക്കുമ്പോള്‍ മറ്റുചിലര്‍ വിവാഹം നടത്താന്‍ വളരെ അധികം കഷ്ടപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു സമത്വം കൊണ്ടുവരാന്‍ കഴിയണമെന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആഡംബര വിവാഹം തടയുന്നത് നിയമമാകണമെന്ന് നിര്‍ബന്ധമില്ല.
എന്നാല്‍, ഈ വിഷയം ലോക്സഭയില്‍ ചര്‍ച്ച ചെയ്താല്‍ കുറച്ച് ആളുകള്‍ എങ്കിലും ഇക്കാര്യത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ തയാറാവുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പണം ഉള്ളവര്‍ ചിലവഴിക്കുന്നതില്‍ പ്രശ്നമില്ലെന്നും എന്നാല്‍, ഇക്കാര്യത്തില്‍ ഒരു സമത്വം ആവശ്യമാണെന്നും ഗോപാല്‍ ചിന്നയ്യ അറിയിച്ചു. അതേസമയം തന്റെ മണ്ഡലത്തില്‍ വിവാഹത്തിന് അമിതമായി പണം ചിലവഴിക്കുന്നവരെ ഉപയോഗിച്ച് നിര്‍ധനരായ ആളുകള്‍ക്ക് സഹായം ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























