അച്ഛന്റെ പ്രിയപ്പെട്ട നായ അനുസരണക്കേട് കാട്ടിയതിന് നായയെ മകന്‍ കൊന്നു; അച്ഛന്റെ പരാതിയില്‍ മകന്‍ ജയിലില്‍

ചത്തീസ്ഗഡില്‍ നടന്ന അസാധാരണമായ ഒരു സംഭവത്തില്‍ തന്റെ പ്രിയങ്കരനായ നായയെ കൊന്നുവെന്ന് പറഞ്ഞ് ഒരു അച്ഛന്‍ മകനെതിരെ കേസു കൊടുത്തു. പരാതിയില്‍ പോലീസ് മകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ശിവമംഗല്‍ സായ് എന്ന 48-കാരനാണ് മകനെ അകത്താക്കിയിരിക്കുന്നത്. ജബ്ബുവെന്ന പ്രിയങ്കരനായ നായയെ മക്കള്‍ക്ക് നേരത്തെ മുതല്‍ ഇഷ്ടമല്ലായിരുന്നുവത്രേ. മക്കളില്‍ ഒരാളായ സന്താരി നല്‍കിയ നിര്‍ദ്ദേശം അനുസരിക്കാത്തതു കൊണ്ടാണ് നായയെ കൊന്നത്.
ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. സായി വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് മകനായ സന്താരി വീടിന് മുന്നിലേക്ക് പന്തെറിയുകയും അത് എടുത്തു വരുവാന്‍ നായയോട് നിര്‍ദ്ദേശിക്കുകയും ചെയ്തത്. എന്നാല്‍ നായ അത് ചെയ്തില്ല. ദേഷ്യം വന്ന മകന്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ജബ്ബുവിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പുറത്തുപോയി തിരികെ എത്തിയ സായി കണ്ടത് ജീവനറ്റുകിടക്കുന്ന നായയെ ആണ്. അപ്പോള്‍ തന്നെ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തി മകനെതിരെ കേസ് നല്‍കുകയായിരുന്നു. എന്നാല്‍, അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് കൊന്നതെന്നാണ് മകന്റെ മൊഴി.
നായയുടെ ജഡം സൈക്കിളില്‍ വച്ച് കരഞ്ഞുകൊണ്ടാണ് സായ് പോലീസ് സ്‌റ്റേഷനിലേക്ക് എത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതേതുടര്‍ന്ന് ഐപിസി 429 പ്രകാരം കേസ് രജസ്റ്റര്‍ ചെയ്ത പോലീസ് മകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മകന്റെ അറസ്റ്റിന് ശേഷം നായയുടെ ജഡം വീടിന് പിന്നില്‍ മറവ് ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha






















