കോണ്‍ഗ്രസ് ബാന്ധവം പാടില്ലെന്ന് സിസി ;കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാടിന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകാരം ;തീരുമാനം എട്ട് സംസ്ഥാനങ്ങളിലെ അംഗങ്ങളുടെ എതിർപ്പ് മറികടന്ന്
കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ വോട്ടെടുപ്പിനിട്ടാണ് കേന്ദ്ര കമ്മിറ്റി തള്ളിയത്. 31 പേർ രേഖയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോൾ 55 പേരാണ് എതിർത്തത്.എട്ട് സംസ്ഥാനങ്ങളിലെ അംഗങ്ങളുടെ എതിർപ്പ് മറികടന്നാണ് തീരുമാനമുണ്ടായിരിക്കുന്നത്.
വർഗീയ ഫാസിസത്തെ പരാജയപ്പെടുത്താൻ കോണ്‍ഗ്രസ് ഉൾപ്പെടെ ബൂർഷ്വാ പാർട്ടികളുമായി സഖ്യം വേണമെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. നേരത്തെ, കോൺഗ്രസ് ബന്ധം സംബന്ധിച്ച് യെച്ചൂരി അവതരിപ്പിച്ച കരട് രേഖ പിബി പാടെ തള്ളിയിരുന്നു. കോൺഗ്രസുമായി രാഷ്ട്രീയ ധാരണപോലും പാടില്ലെന്നാണ് ഡിസംബറിൽ ചേർന്ന പിബിയിൽ ഭൂരിപക്ഷാഭിപ്രായം ഉയർന്നത്.
ബൂർഷ്വാ- ഭൂവുടമ പാർട്ടികളോടു മുന്നണിയായും സഖ്യമായും സഹകരിക്കാതെ ഉചിതമായ തെരഞ്ഞെടുപ്പ് അടവുനയം വേണമെന്നായിരുന്നു യെച്ചൂരി മുന്നോട്ടുവച്ച രേഖയുടെ കാതൽ. ബംഗാൾ ഘടകത്തിന്റെ പരോക്ഷ പിന്തുണ മാത്രമാണ് പിബിയിലും കേന്ദ്ര കമ്മിറ്റിയിലും യെച്ചൂരിക്കുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha