പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുന്നു; രണ്ടു സഭകളുടെയും സമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും; ഫെബ്രുവരി ആദ്യമാണ് പൊതുബജറ്റ്

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുന്നു. രണ്ടുസഭകളുടെയും സംയുക്തസമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും. ഇരുസഭകളിലും സാമ്പത്തികസര്‍വേ അവതരിപ്പിക്കും. ഫെബ്രുവരി ആദ്യമാണ് പൊതുബജറ്റ്. സമ്മേളനത്തിന്റെ ആദ്യഘട്ടം ഒന്‍പതിന് അവസാനിക്കും. രണ്ടാംഘട്ടം മാര്‍ച്ച് അഞ്ച് മുതൽ ഏപ്രില്‍ ആറു വരെയാണ്. ഞായറാഴ്ച സര്‍ക്കാരും സ്പീക്കര്‍ സുമിത്രാ മഹാജനും വെവ്വേറെ സര്‍വകക്ഷി യോഗങ്ങള്‍ വിളിച്ചിരുന്നു.
മുത്തലാഖ് ബില്‍ സമ്മേളനത്തില്‍ പാസാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് ഈ യോഗത്തിനുശേഷം മന്ത്രി അനന്ത് കുമാര്‍ അറിയിച്ചു. ബില്‍ പാസാക്കാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യപ്പെടുമെന്നും നേതാക്കളുമായി സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശീതകാലസമ്മേളനത്തില്‍ ലോക്സഭ പാസാക്കിയ ബില്ലിന് പ്രതിപക്ഷത്തിന്റെ എതിര്‍പ്പു കാരണം രാജ്യസഭയുടെ അംഗീകാരം നേടാന്‍ കഴിഞ്ഞിരുന്നില്ല.
ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഒ.ബി.സി. കമ്മിഷന് ഭരണഘടനാപദവി നല്‍കുന്നതിനുള്ള ബില്ലും സമ്മേളനത്തില്‍ പാസാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ബി.ജെ.പി.യെ സംബന്ധിച്ച് രണ്ട് ബില്ലുകളും രാഷ്ട്രീയപ്രാധാന്യമുള്ളതാണ്.
https://www.facebook.com/Malayalivartha
























