റാഫേല്‍ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിന് എത്ര പണം നല്‍കിയെന്ന വിവരം വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി; അഴിമതി നടന്നു എന്നതിന്റെ തെളിവാണിത്; വീണ്ടും അഴിമതി ആരോപണവുമായി രാഹുൽ ഗാന്ധി

റാഫേല്‍ജെറ്റ് വിമാനങ്ങൾ വാങ്ങിയതിൽ അഴിമതി നടന്നുവെന്ന ആരോപണവുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിന് എത്ര പണം നല്‍കിയെന്ന വിവരം വെളിപ്പെടുത്താനാവില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റിനെ അറിയിച്ചതിന് പിന്നാലെയാണ് അഴിമതി ആരോപണവുമായി രാഹുൽ രംഗത്തെത്തിയത്.
36 ജെറ്റ് വിമാനങ്ങള്‍ വാങ്ങാനുള്ള കരാറാണിത്. റാഫേല്‍ജെറ്റ് വിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് പറയാത്തത് എന്താണ് അർഥമാക്കുന്നത്. അഴിമതി നടന്നു എന്നതിന്റെ തെളിവാണിതെന്നും പ്രധാനമന്ത്രി നേരിട്ട് പാരീസില്‍ പോയി കരാറില്‍ മാറ്റം വരുത്തിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
പ്രധാനമന്ത്രി കരാർ അട്ടിമറിച്ചത് അനിൽ അംബാനിക്ക് വേണ്ടിയാണെന്ന് നേരത്തെ രാഹുൽ ആരോപിച്ചിരുന്നു. പാര്‍ലമെന്‍റില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗ്രവാളാണ് റാഫേൽ കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഇത് രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന വിഷയമായതിനാല്‍ വിവരം വെളിപ്പെടുത്താനാവില്ലെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























