കഞ്ചാവിന്റെ ഗുണങ്ങള്‍ പഠിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന് മോദിയുടെ ഓഫീസിന്റെ നിർദേശം

ആരോഗ്യ, വ്യാവസായിക മേഖലയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി ദ ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്മെന്റിന്റെ നേതാവ് വിക്കി വറോറ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയിരുന്നു. പരാതിയെത്തുടർന്ന് കഞ്ചാവിന്റെ ഗുണങ്ങള്‍ പഠിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന് മോദിയുടെ ഓഫീസ് നിർദേശം നൽകി. ഇക്കാര്യത്തില്‍ മന്ത്രാലയത്തിന് ലഭിച്ച പരാതിയില്‍ ഒരു മാസത്തിനകം മറുപടി നല്‍കണമെന്നും നിർദേശത്തില്‍ പറയുന്നുണ്ട്.
ഒരു മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിൽ ഇക്കാര്യം വിശദീകരിച്ച് ഒരു ഇടക്കാല മറുപടി നല്‍കണമെന്നും ഓഫീസ് ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കഞ്ചാവ് നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ദ ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്മെന്റ് സംഘം പ്രതിഷേധം നടത്തിയിരുന്നു. ഇന്ത്യയിലെ 16 നഗരങ്ങളില്‍ നിന്നായി ആയിരത്തോളം അംഗങ്ങള്‍ ഈ സംഘടനയ്ക്കുണ്ടെന്നാണ് കണക്ക്. പുരാണങ്ങളില്‍ ശിവച്ചെടി എന്നറിയപ്പെടുന്ന ചെടിയാണ് കഞ്ചാവെന്നും അതിനാലാണ് തങ്ങള്‍ നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഇവർ പറയുന്നു.
https://www.facebook.com/Malayalivartha
























