സുനന്ദ പുഷ്കറിന്‍റെ മരണത്തെ സംബന്ധിച്ച് സുബ്രഹ്മണ്യസ്വാമി നൽകിയ ഹർജിയില്‍ ഡല്‍ഹി പൊലീസിന് നോട്ടീസ്

കോണ്‍ഗ്രസ് എം.പി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന സുബ്രഹ്മണ്യ സ്വാമിയുടെ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന സ്വാമിയുടെ വാദം നേരത്തെ ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. കേസുമായി നേരിട്ട് ബന്ധമില്ലാത്ത സ്വാമിക്ക് ഹർജി നല്‍കാന്‍ നിയമപ്രകാരം കഴിയുമോ എന്ന് പിന്നീട് പരിശോധിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് അറിയിച്ചു. 2014 ജനുവരി 14ന് രാത്രിയില്‍ സൗത്ത് ഡല്‍ഹിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ മുറിയിലാണ് സുനന്ദ പുഷ്ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ തുടർന്ന് 2017ൽ കേസില്‍ കോടതി നിരീക്ഷണം ആവശ്യപ്പെട്ട് സ്വാമി പൊതുതാല്‍പര്യ ഹർജി ഫയല്‍ ചെയ്തു.
സുനന്ദയുടേത് കൊലപാതകമാണെന്ന് വ്യക്തമാണെന്നും അന്വേഷണത്തില്‍ നിന്ന് രക്ഷനേടാന്‍ ശശി തരൂര്‍ ബി.ജെ.പിക്കാരായ ചിലരില്‍ നിന്നു സഹായം തേടിയിട്ടുണ്ടെന്നും സുബ്രഹ്മണ്യന് സ്വാമി ഹൈകോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസ് സി.ബി.ഐ അന്വേഷിക്കുന്നതില്‍ ഡല്‍ഹി പൊലീസിന് പ്രശ്നമില്ല. എന്നാല്‍, മൂന്നര വര്‍ഷമായി ഡല്‍ഹി പോലീസ് അന്വേഷിച്ചിട്ടും ഇതുവരെയും കേസിന്റെ സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തോടും പൊലീസിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെടണമെന്നും സുബ്രഹ്മണ്യന് സ്വാമി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























